ബി.ജെ.പിയുമായുള്ള അടുപ്പം അമരീന്ദറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത്: ഹരീഷ് റാവത്ത്
National Politics
ബി.ജെ.പിയുമായുള്ള അടുപ്പം അമരീന്ദറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത്: ഹരീഷ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st October 2021, 2:02 pm

അമൃത്സര്‍: കോണ്‍ഗ്രസില്‍ തനിക്ക് അപമാനം ഉണ്ടായെന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ വാദത്തെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്.

അമരീന്ദറിനെ പാര്‍ട്ടി കുറേകാലം മുഖ്യമന്ത്രിയായി നിലനിര്‍ത്തിയെന്നും അതെങ്ങനെയാണ് ഒരു അപമാനമാവുകയെന്നും റാവത്ത് ചോദിച്ചു.

അമരീന്ദര്‍ ബി.ജെ.പിയോട് കാണിക്കുന്ന അടുപ്പം അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ അമരീന്ദര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ അമരീന്ദര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന വാദം ശക്തപ്പെട്ടു. എന്നാല്‍ താന്‍ ബി.ജെ.പിയില്‍ പോകില്ലെന്ന് വ്യക്തമാക്കി അമരീന്ദര്‍ രംഗത്തുവന്നിരുന്നു.

അതേസമയം, അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ അമരീന്ദര്‍ സിംഗ് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അമരീന്ദര്‍ സിംഗുമായി പത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും പഞ്ചാബിലെ ചില കര്‍ഷക നേതാക്കളെയും അമരീന്ദര്‍ കാണാനിടയുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ തുടരില്ലെന്ന കാര്യം കഴിഞ്ഞ ദിവസം അമരീന്ദര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ കോണ്‍ഗ്രസുകാരനാണ് പക്ഷേ കോണ്‍ഗ്രസില്‍ താന്‍ തുടരില്ല എന്നായിരുന്നു അമരീന്ദര്‍ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു അമരീന്ദറിനോട് പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ രാജിവെച്ചത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Punjab updates, Congress about relation between Amarinder and BJP