| Sunday, 25th July 2021, 4:27 pm

പഞ്ചാബില്‍ പരിഹാരമായി, ഇനി കോണ്‍ഗ്രസിന് മുന്നില്‍ സച്ചിനും ഗെലോട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചാബിലെ ഉള്‍പ്പാര്‍ട്ടി പോര് പാതി അവസാനിച്ച സമാധാനത്തിലാണ് കോണ്‍ഗ്രസ്. നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതോടെ പൂര്‍ണമായല്ലെങ്കിലും ഒരുപരിധിവരെ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍- സിദ്ദു പോര് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ ഉന്നത നേതൃത്വം ശ്രമം നടത്തിയത്.

ഇനി കോണ്‍ഗ്രസിന് മുന്നിലുള്ളത് രാജസ്ഥാനിലെ തര്‍ക്കമാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നം പൂര്‍ണമായും ഒത്തുതീര്‍പ്പാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. പാര്‍ട്ടി വിട്ടുപോയ സച്ചിന്‍ പൈലറ്റിനെ ഉന്നത നേതൃത്വം തിരികെ എത്തിച്ചതില്‍ ഗെലോട്ടിന് കടുത്ത അതൃപ്തിയാണ് ഉള്ളത്.

പ്രത്യക്ഷത്തില്‍ ഇപ്പോള്‍ ഗെലോട്ടും പൈലറ്റും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട്. സിദ്ദുവിനോട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമുള്ള താല്‍പര്യം സച്ചിന്‍ പൈലറ്റിന്റെ കാര്യത്തിലും അങ്ങനെ തന്നെ ആണ്. ഇവരെ ഒപ്പം നിര്‍ത്തുക എന്നത് പാര്‍ട്ടിയുടെ ആവശ്യമാണ്.

സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്ക് പോകുമെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നപ്പോഴും കോണ്‍ഗ്രസിനൊപ്പമായിരിക്കും താനെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സച്ചിന്‍ പൈലറ്റ്.

നിലവില്‍ രാജസ്ഥാന്‍ മന്ത്രിസഭാ വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റിന്റെ പക്ഷത്തുള്ള എം.എല്‍.എമാരെ കൂടി ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ളതാവണം മന്ത്രിസഭാ എന്ന ആവശ്യം സച്ചിന്‍ പക്ഷം ഉന്നയിച്ചതായി പറയപ്പെടുന്നു.

സച്ചിന്‍ പൈലറ്റിനൊപ്പം 18 എം.എല്‍.എമാരാണ് കഴിഞ്ഞ വര്‍ഷം ഗെലോട്ടിനെതിരെ ഉറച്ചുനിന്നത്.
ഒടുവില്‍ പാര്‍ട്ടി വിട്ടുപോയ സച്ചിന്‍ പൈലറ്റിനെയും എം.എല്‍.എമാരെയും ഉന്നത നേതാക്കള്‍ തിരിച്ചെത്തിക്കുകയായിരുന്നു.

താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കഴിഞ്ഞദിവസവും പൈലറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബില്‍ പ്രശ്‌നം പരിഹരിച്ച അതേ രീതിയില്‍ രാജസ്ഥാനിലും പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമമായിരിക്കും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Punjab Tussle Resolved, Rajasthan Cabinet Expansion On Congress Agenda

We use cookies to give you the best possible experience. Learn more