പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് ആം ആദ്മിയില്‍
naional news
പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് ആം ആദ്മിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th November 2021, 1:12 pm

ഗുരുദാസ്പൂര്‍: പഞ്ചാബില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി. മുതിര്‍ന്ന നേതാവ് രമണ്‍ ബഹല്‍ ആം ആദ്മിയില്‍ ചേര്‍ന്നു. മജ്ഹ മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ളയാളാണ് രമണ്‍.

ഹിന്ദു സമുദായത്തില്‍ നിന്നുള്ള നേതാവായ രമണ്‍ പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും. മുന്‍ ഐ.ജി കുന്‍വര്‍ വിജയ് പര്‍താപ് സിംഗിന് ശേഷം മജ്ഹയില്‍ നിന്ന് പാര്‍ട്ടി വിടുന്ന നേതാവാണ് രമണ്‍.

പഞ്ചാബ് സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു രമണ്‍. 2017 ലെ തെരഞ്ഞെടുപ്പില്‍ മജ്ഹയില്‍ ഒരു സീറ്റും നേടാനാകാതിരുന്ന ആം ആദ്മി അടിത്തറ വിപുലമാക്കാനുള്ള ശ്രമത്തിലാണ്.

മുന്‍ മന്ത്രിയും ഗുരുദാസ്പൂരില്‍ നിന്ന് നാല് തവണ എം.എല്‍.എയുമായ ഖുഷാല്‍ ബഹലിന്റെ മകനായ രമണ്‍, രണ്ട് തവണ ഗുരുദാസ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു.

2008-12 കാലയളവില്‍ പഞ്ചാബ് സര്‍വകലാശാല സെനറ്റ് അംഗവുമായിരുന്നു. 2004-06 കാലഘട്ടത്തില്‍ അമൃത്സറിലെ ഗുരു നാനാക് ദേവ് സര്‍വകലാശാലയുടെ സെനറ്റ് അംഗമായും രമണ്‍ സേവനമനുഷ്ഠിച്ചു.


തന്റെ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ തകര്‍ച്ചയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നയം പഞ്ചാബിനെ മുന്നോട്ടുനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധതയും ദല്‍ഹിയുടെ വികസന മാതൃകയും കെജ്‌രിവാളിന്റെ കാഴ്ചപ്പാടുകളും സ്വാധീനിച്ചാണ് താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും രമണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Punjab: Top Congress leader from Majha — a Hindu face — joins AAP