| Monday, 28th September 2020, 7:58 am

'ഏതറ്റംവരെയും പോകും'; സംസ്ഥാന നിയമങ്ങളുള്‍പ്പെടെ ഭേദഗതി ചെയ്ത് കര്‍ഷകരെ സംരക്ഷിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗണ്ഡ്: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ച്ച എസ്.ബി.എസ് നഗറില്‍ ധര്‍ണയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ ബില്ലില്‍ പുതിയ തീരുമാനമെടുക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ വിശ്വാത്തിലെടുക്കണമെന്നും അമരീന്ദര്‍സിങ് ആവശ്യപ്പെട്ടു.

” കര്‍ഷകരും മറ്റു തത്പര കക്ഷികളും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിനെകൂടി വിശ്വാസത്തിലെടുക്കണം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തന്നെ കര്‍ഷകരില്‍ നിന്ന് വിളകള്‍ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.

വിഷയത്തില്‍ നിയമ വിദഗ്ധരുമായും കാര്‍ഷിക വിദഗ്ധരുമായും സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നുണ്ട്” അമരീന്ദര്‍ സിങ് പറഞ്ഞു.

അപകടരമായി പുതിയ നിയമം നടപ്പിലാകുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു. പുതിയ നിയമനിര്‍മ്മാണത്തില്‍ താങ്ങുവിലയെക്കുറിച്ച് പ്രതിപാദിക്കാത്തത് ബി.ജെ.പിയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടു.

ഈ കര്‍ഷവിരുദ്ധ ബില്ലില്‍ ഏറ്റവും കൂടുതല്‍ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് പഞ്ചാബായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ ഒപ്പുവെച്ച പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നടപടി അത്യന്തം നിരാശാജനകമായെന്നും അമീരീന്ദര്‍ സിങ് തുറന്നടിച്ചു.

കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെച്ചിരുന്നു. പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും കഴിഞ്ഞ ആഴ്ച രണ്ട് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു.
ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തിയിരുന്നു.അതേസമയം, കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് പാര്‍ലമെന്റ് ചട്ടങ്ങള്‍ പാലിച്ചാണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൊളിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനായി മനഃപൂര്‍വം സമയം നീട്ടിനല്‍കുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Punjab to amend state laws to protect farmers, says cm Amarinder singh

We use cookies to give you the best possible experience. Learn more