| Sunday, 13th March 2022, 1:05 pm

അടുത്ത ലക്ഷ്യം രാജസ്ഥാന്‍; പടയൊരുക്കി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പഞ്ചാബില്‍ നേടിയ മിന്നുന്ന ജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. 2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നേട്ടമുണ്ടാക്കാനാണ് എ.എ.പി ഒരുങ്ങുന്നത്.

ഒന്നിനുപുറകെ ഒന്നായി ഓരോ സംസ്ഥാനങ്ങളിലേക്കും ചുവടുറപ്പിക്കുക എന്ന കെജ്‌രിവാളിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് രാജസ്ഥാന്‍ എ.എ.പിയുടെ പുതിയ ലക്ഷ്യമായിരിക്കുന്നത്.

രാജസ്ഥാനില്‍ ഇതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ നിയോഗിച്ച അതേ ടീമിനെ രാജസ്ഥാനിലേക്ക് അയക്കാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്.

എന്നാല്‍, പഞ്ചാബിലെ പശ്ചാത്തലമല്ല രാജസ്ഥാനിലുള്ളതെന്നും എ.എ.പിയെ ഇവിടെ വേരുറപ്പിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും.

അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കി അധികാരത്തിലേറിയതിന് പിന്നാലെ രാജസ്ഥാനിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ ആവേശത്തിലാണ്. ജയ്പൂര്‍ അടക്കമുള്ള പട്ടണങ്ങളില്‍ എ.എ.പിക്കും കെജ്‌രിവാളിനും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനും അഭിവാദ്യങ്ങളര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടി രാജസ്ഥാന്‍ പിടിക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ശാസ്ത്രി പറയുന്നു.

‘പഞ്ചാബിലെ വിജയത്തിന് ശേഷം ഇവിടെ പ്രവര്‍ത്തകര്‍ ഏറെ ആവേശത്തിലാണ്. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രണ്ടു മാസത്തിനകം തന്നെ തുടങ്ങും.

ദല്‍ഹിയിലും ഇപ്പോള്‍ പഞ്ചാബിലും ജനങ്ങള്‍ പാര്‍ട്ടിയെ സ്വീകരിച്ച രീതിയില്‍ രാജസ്ഥാനിലും ആം ആദ്മി പാര്‍ട്ടി ഒരു ബദലായി മാറുമെന്ന് ഞങ്ങള്‍ കരുതുന്നു.

പഞ്ചാബില്‍ എ.എ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൈകാര്യം ചെയ്ത ടീം ഇവിടെയെത്തും. തല്‍ക്കാലം ഇവിടെ സംഘടനാ ശക്തി മെച്ചപ്പെടുത്തുന്നതിലായിരിക്കും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക,’ ശാസ്ത്രി പറയുന്നു.

പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാര്‍ട്ടി ദക്ഷിണേന്ത്യയിലും കാല്‍വെപ്പിനൊരുങ്ങുകയാണെന്ന് എ.എ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അംഗത്വ യജ്ഞം ആരംഭിക്കുമെന്ന് മുതിര്‍ന്ന എ.എ.പി നേതാവ് സോമനാഥ് ഭാരതിപറഞ്ഞു.

‘പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന് ശേഷം, ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് അഭൂതപൂര്‍വമായ പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്,’ ഭാരതി പറഞ്ഞു.

കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എ.എ.പിക്ക് യൂണിറ്റുകളുണ്ട്.

ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018ല്‍ കര്‍ണാടക, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.

ജനങ്ങളുടെ മാനസികാവസ്ഥയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ ടീമുകള്‍ക്ക് ലഭിക്കുന്ന പ്രതികരണവും കണക്കിലെടുത്ത്, മേഖലയിലുടനീളം അംഗത്വ ക്യാമ്പെയ്നുകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ പ്രാദേശിക ടീമുകളായിരിക്കും മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുകയെന്ന് ഭാരതി പറഞ്ഞു.

പാര്‍ട്ടിയുടെ പ്രാദേശിക ടീമുകളായിരിക്കും മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുകയെന്നും തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഈ പ്രചാരണങ്ങള്‍ സജീവമായി വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight:  Punjab success sprouts AAP hope in Rajasthan ahead of 2023 state polls

We use cookies to give you the best possible experience. Learn more