| Sunday, 17th October 2021, 6:13 pm

ഇതാണ് പഞ്ചാബിലെ 13 പ്രധാന പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിക്ക് കത്തെഴുതി നവ്‌ജ്യോത് സിംഗ് സിദ്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തെഴുതി. സംസ്ഥാനം നേരിടുന്ന പ്രധാനപ്പെട്ട 13 പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് കത്ത് തയ്യാറാക്കിയത്.

2022 നിയമസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ ഭാഗമാക്കാവുന്ന പഞ്ചാബ് മോഡല്‍ 13 പോയിന്റുകളുള്ള അജണ്ട സോണിയ ഗാന്ധിയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരവും സമയവും നല്‍കണമെന്നാവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.

പഞ്ചാബിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അവസാന അവസരമായിരിക്കും ഇതെന്നും സിദ്ദു കത്തില്‍ പറയുന്നു. പഞ്ചാബ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങളും കത്തില്‍ എടുത്തുപറയുന്നുണ്ട്.

സംസ്ഥാനത്തെ കൃഷി, വൈദ്യുതി, എസ്.സി വിഭാഗങ്ങളടക്കമുള്ള പിന്നാക്ക ജാതികളില്‍പ്പെട്ടവരുടെ ഉന്നമനം, മയക്കുമരുന്ന് കേസുകള്‍, തൊഴില്‍, മണല്‍ ഖനനം എന്നീ വിഷയങ്ങളെ കുറിച്ചാണ് സിദ്ദു കത്തില്‍ സംസാരിക്കുന്നത്.

ലഹരി മാഫിയകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വമ്പന്‍ സ്രാവുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം. അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക കരി നിയമങ്ങളെ പഞ്ചാബ് സര്‍ക്കാര്‍ തള്ളിക്കളയണമെന്നും ഒരു കാരണവശാലും അവ നടപ്പാക്കില്ലെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.

സംസ്ഥാനത്തെ മാഫിയ രാജ് പഞ്ചാബിനെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കും കാര്‍ഷികരംഗത്തെ പ്രതിസന്ധിയിലേക്കും അഴിമതിയിലേക്കും നയിക്കുമെന്നും അത് സംഭവിച്ചാല്‍ സംസ്ഥാനത്തിന് പിന്നീട് കരകയറാന്‍ സാധിക്കില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും സിദ്ദു പറഞ്ഞു.

‘അതുകൊണ്ട് മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം പരിഗണിച്ച് പഞ്ചാബ് സര്‍ക്കാരിന് ജനസൗഹൃദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ എന്ന് പറഞ്ഞുകൊണ്ടാണ് സിദ്ദു സോണിയ ഗാന്ധിക്ക് എഴുതിയ കത്ത് അവസാനിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Punjab’s last chance for resurrection: Navjot Singh Sidhu writes to Sonia Gandhi on 13 issues

We use cookies to give you the best possible experience. Learn more