Delhi Assembly Election
അരവിന്ദ് കെജ്‌രിവാളിനുള്ള അധിക സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് പൊലീസ്; പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 23, 05:04 pm
Thursday, 23rd January 2025, 10:34 pm

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനുള്ള അധിക സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചു. പഞ്ചാബ് പൊലീസ് കെജ്‌രിവാളിന് അധിക സുരക്ഷ നല്‍കുന്നതിനെതിരെ ദല്‍ഹി പൊലീസ് തടസമുന്നയിച്ചിരുന്നു.

ദല്‍ഹി പൊലീസ് അധിക സുരക്ഷ നല്‍കുന്നതിനെതിരെ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. പിന്നാലെയാണ് പഞ്ചാബ് പൊലീസിന്റെ നടപടി.

പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഡി.ജി.പി ഗൗരവ് യാദവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന് സുരക്ഷാ ഭീഷണിയുണ്ടെന്ന കാര്യം ബന്ധപ്പെട്ട ഏജന്‍സികളുമായി നിരന്തരം പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്റെ സുരക്ഷാ ഭീഷണികളില്‍ തങ്ങള്‍ക്ക് അഗാധമായ ആശങ്കയുണ്ടെന്നും സുരക്ഷ ഉറപ്പാക്കുന്നകതിനായി ദല്‍ഹി പൊലീസിനോടും ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളോടും സംസാരിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ അധിക സുരക്ഷ നീക്കിയതില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി പൊലീസ് നിര്‍ബന്ധിതമായാണ് പഞ്ചാബ് പൊലീസിന്റെ സുരക്ഷ നീക്കിയതെന്ന് എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇതിനകം തന്നെ പലരും പ്രചരണ വേദിയില്‍ കയറി അദ്ദേഹത്തെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എവിടെയെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും പരാതി നല്‍കുന്നുണ്ടെന്നും എന്നാല്‍ അക്കാര്യത്തില്‍ അവരൊന്നും ചെയ്യുന്നില്ലെന്നും സഞ്ജയ് സിങ് ആരോപിച്ചു.

ഫെബ്രുവരി അഞ്ചിനാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനും നടക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. 70 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

Content Highlight: Punjab Police withdraws extra security for Arvind Kejriwal; Aam Aadmi Party in protest