| Sunday, 11th September 2022, 4:13 pm

സിദ്ദു മൂസേവാല കൊലക്കേസ് പ്രതികള്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടു; പൊലീസിനോട് കുറ്റസമ്മതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഗായകന്‍ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെയും വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്.

സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന് കേസിലെ പ്രതി തന്നെയാണ് ഇപ്പോള്‍ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. പഞ്ചാബ് പൊലീസാണ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതിന് വേണ്ടി ഗുണ്ടാസംഘം ദിവസങ്ങളോളം മുംബൈയില്‍ തങ്ങിയതായും സല്‍മാന്‍ ഖാന്റെ യാത്രകളും വീടും നിരീക്ഷിച്ചതായും പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. സിദ്ദു മൂസേവാലയെ പോലെ നിങ്ങളെയും കൊലപ്പെടുത്തും, എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നതെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ മേയ് 29നായിരുന്നു പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ച് കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ഇദ്ദേഹത്തിന് വെടിയേറ്റത്.

കാറില്‍ ഒപ്പമുണ്ടായിരുന്ന സിദ്ദുവിന്റെ സുഹൃത്തുക്കള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ വൈര്യമാണെന്നായിരുന്നു പഞ്ചാബ് പൊലീസ് പറഞ്ഞിരുന്നത്.

കേസിലെ പ്രധാന പ്രതിയായ ദീപക് എന്ന മുണ്ടിയെ കഴിഞ്ഞ ദിവസമായിരുന്നു ബംഗാള്‍- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പഞ്ചാബ് പൊലീസ് പിടികൂടിയത്.

ദീപകിന് പുറമ ഇയാളുടെ കൂട്ടാളികളായ കപില്‍ പണ്ഡിറ്റ് രജീന്ദര്‍ എന്നിവരെയും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് പ്രതിയായ കപില്‍ പണ്ഡിറ്റ് സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടതിനെ കുറിച്ച് നിര്‍ണായക കുറ്റസമ്മതം നടത്തിയത്.

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സന്തോഷ് ജാദവ് എന്നയാളെ മുംബൈയിലെ പൂനെയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോറന്‍സ് ബിഷ്‌ണോയ് എന്ന ഗ്യാങ്ങിലെ അംഗമായിരുന്നു ജാദവ്.

Content Highlight: Punjab police says singer Sidhu Moose Wala murder case convicts tried to kill Salman Khan

We use cookies to give you the best possible experience. Learn more