| Friday, 1st March 2024, 8:23 am

യുവകര്‍ഷകന്റെ കൊലപാതകത്തില്‍ കേസെടുത്ത് പഞ്ചാബ് പൊലീസ്; ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ച് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ദല്‍ഹി ചലോ മാര്‍ച്ചിനിടെ ഹരിയാന പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് വെടിയേറ്റ് മരണപ്പെട്ട യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ കൊലപാതകത്തില്‍ കേസെടുത്ത് പഞ്ചാബ് പൊലീസ്.

സംഭവത്തില്‍ കേസെടുത്തില്ലെങ്കില്‍ കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്നും പഞ്ചാബ് സര്‍ക്കാര്‍ അനുവദിച്ച സഹായധനം സ്വീകരിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഒരാഴ്ചയ്ക്ക് ശേഷം പഞ്ചാബ് പൊലീസ് ഇതുസംബന്ധിച്ച പരാതിയില്‍ കേസെടുക്കുന്നത്.

ശുഭ്കരണിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് കൊലക്കുറ്റത്തിന് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതികളെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

പൊലീസ് കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ ഒരാഴ്ചയായി പട്യാല രവീന്ദ്ര ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന ശുഭ്കരണിന്റെ മൃതദേഹം വ്യാഴാഴ്ച സംസ്‌കരിച്ചു.

സംസ്‌കാരത്തിന് മുന്നോടിയായി പൊലീസുമായി ഏറ്റുമുട്ടല്‍ നടന്ന ഖനൗരിയില്‍ കര്‍ഷകര്‍ വിലാപയാത്രയും പ്രതിഷേധ സദസും നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും സംസ്‌കാര ചടങ്ങുകളില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു.

പഞ്ചാബിലെ ബതിന്ഡ ജില്ലയിലെ ബലോകേ സ്വദേശിയായിരുന്നു ശുഭ്കരണ്‍ സിങ്. യുവകര്‍ഷകന്റെ മരണം ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 21 വയസുള്ള യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന വിവരം കര്‍ഷക നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്.

യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഏതാനും ദിവസത്തേക്ക് ദല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു.

Content Highlight: Punjab Police has registered a case in the murder of young farmer, who was shot in the head during an encounter with the Haryana Police during the Delhi Chalo March

We use cookies to give you the best possible experience. Learn more