ചണ്ഡിഗഢ്: പോലീസില്‍ ചേരാനുള്ള ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ മോഹത്തിന് തിരിച്ചടിയായി ആഭ്യന്തരവകുപ്പിന്റെ അഭിപ്രായപ്രകടനം. ഗ്ലാമര്‍ ലോകത്തിന്റെ തിരക്കില്‍ കഴിയുന്ന ഹര്‍ഭജന് സംസ്ഥാന പോലീസിന് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുളള ഉപമുഖ്യമന്ത്രിയുടെ അഭിപ്രായം.[]
ഇതോടെ ഹര്‍ഭജന്റെ പോലീസ് മോഹം ഏതാണ്ട് അസ്തമിച്ച അവസ്ഥയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2002 ലാണ് ഹര്‍ഭജന് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാന പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് സ്ഥാനം വാഗ്ദാനം ചെയ്തത്.
ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഹര്‍ഭജന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും ജലന്ധറില്‍ താമസസ്ഥലവും നല്‍കിയിരുന്നു. അതിനുശേഷമാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിങ് ബാദലിന്റെ ഈ വാഗ്ദാനം. എന്നാല്‍ അന്ന് ക്രിക്കറ്റിന്റെ തിരക്കിലായിരുന്ന ഹര്‍ഭജന്‍ ഈ വാഗ്ദാനത്തോട് പ്രതികരിച്ചില്ല.
മോശം ഫോം മൂലം ഒരു വര്‍ഷത്തോളമായി ഹര്‍ഭജന്‍ ടീമില്‍ നിന്ന് ഒഴിവായി നില്‍ക്കുകയാണ്. ഇതിനിടയിലാണ് ഭാജി സര്‍ക്കാരിന്റെ പഴയ വാഗ്ദാനം വീണ്ടും ഓര്‍മിപ്പിച്ച് എത്തിയത്.