| Wednesday, 25th December 2024, 1:41 pm

18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തി; സീരിയൽ കില്ലറെ അറസ്റ്റ് ചെയ്ത്‌ പഞ്ചാബ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: കഴിഞ്ഞ 18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ കേസിൽ സീരിയൽ കില്ലറെ അറസ്റ്റ് ചെയ്ത് പഞ്ചാബിലെ രൂപ്‌നഗർ പൊലീസ്. ഹോഷിയാർപൂർ ജില്ലയിലെ ചൗര ഗ്രാമത്തിലെ രാം സരൂപ് എന്ന സോധിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ അറസ്റ്റിലായ ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ സീരിയൽ കില്ലർ ആണെന്ന് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.

കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ആളുകളെ കൂട്ടിക്കൊണ്ട് പോവുകയും അവരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും ചെയ്യുകയാണ് ഇയാളുടെ പതിവ്. ശേഷം ഇരകളെ കൊലപ്പെടുത്തും.

കിരാത്പൂർ സാഹിബിലെ ഒരു കൊലപാതക കേസ് സംബന്ധമായാണ് പ്രതി അറസ്റ്റിലായത്. ടോൾ പ്ലാസ മോഡ്രയിൽ ചായയും വെള്ളവും വിറ്റിരുന്ന ഏകദേശം 37 വയസ്സുള്ള ഒരാളെ ഓഗസ്റ്റ് 18 ന് കൊലപ്പെടുത്തിയതായി പ്രതി വെളിപ്പെടുത്തി.

ഈ കേസിലെ അന്വേഷണങ്ങളാണ് രാം സരൂപിൻ്റെ അറസ്റ്റിലേക്ക് നയിച്ചതെന്നും പിന്നീട് ചോദ്യം ചെയ്യലിൽ മറ്റ് കേസുകളിൽ ഇയാളുടെ പങ്കാളിത്തം വെളിപ്പെട്ടതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഈ കേസിന് പുറമെ 10 കൊലപാതകങ്ങളും താൻ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഫത്തേഗഡ് സാഹിബ്, ഹോഷിയാർപൂർ ജില്ലകളിലും കൊലപാതകങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇരകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചില കേസുകളിൽ ഇഷ്ടിക പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കുറ്റകൃത്യം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Content Highlight: Punjab Police arrests ‘serial killer’ who murdered 11 men in 18 months

We use cookies to give you the best possible experience. Learn more