ചണ്ഡിഗഢ്: തെരരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ തള്ളി പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. പഞ്ചാബിലെ മുഖ്യമന്ത്രി ആരാവണമെന്ന് ഹൈക്കമാന്റ് തീരുമാനിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സിദ്ദു പറഞ്ഞത്.
പഞ്ചാബിലെ ജനങ്ങളും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, കോണ്‍ഗ്രസിന്റെ ഹൈക്കമാന്റല്ല എന്നായിരുന്നു സിദ്ദു പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സിദ്ദു ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം ആരാവും പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖമാവാന്‍ പോവുന്നതെന്ന റിപ്പോര്‍ട്ടറുടെ ചേദ്യത്തിനായിരുന്നു സിദ്ദുവിന്റെ മറുപടി.
‘നിങ്ങളോടാരാണ് പറഞ്ഞത് ഹൈക്കമാന്റാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന്? ആരാണ് പറഞ്ഞത്? പഞ്ചാബിലെ ജനങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് അവരുടെ എം.എല്‍.എമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ തങ്ങളെ പ്രതിനിധീകരിക്കണോ വേണ്ടയോ എന്ന് ഇവിടുത്തെ ജനങ്ങളാണ് തീരുമാനിച്ചത്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും.
അതുകൊണ്ട് നിങ്ങളുടെ മനസില്‍ തെറ്റിദ്ധാരണകളൊന്നും തന്നെ വേണ്ട. ജനങ്ങളാണ് അവരുടെ എം.എല്‍.എമാരെ തെരഞ്ഞെടുക്കുന്നതും, മുഖ്യമന്ത്രി ആവണമോ എന്ന് തീരുമാനിക്കുന്നതും,’ സിദ്ദു പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ രാജിയും പിന്നാലെയുള്ള ബി.ജെ.പിയുമായി സഖ്യത്തിനും ശേഷമുള്ള തെരഞ്ഞൈടുപ്പ് എന്ന നിലയില്‍ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് പഞ്ചാബിലേത്.
ഇരുവര്‍ക്കും പുറമെ ആം ആദ്മി പാര്‍ട്ടിയും കര്‍ഷകനേതാക്കള്‍ രൂപീകരിച്ച രാഷ്ട്രീയ കക്ഷിയും ചേര്‍ന്ന് ചതുഷ്‌കോണ മത്സരത്തിനാണ് പഞ്ചാബില്‍ കളമൊരുങ്ങുന്നത്.
ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബിലെ വോട്ടെടുപ്പ്
ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്.
പഞ്ചാബിന് പുറമെ ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.