| Tuesday, 4th January 2022, 11:23 am

രാഷ്ട്രീയപരിപാടികള്‍ക്കും റാലികള്‍ക്കും വിലക്കില്ല; സ്‌കൂളും കോളേജും സിനിമാ തിയേറ്ററും അടച്ച് പഞ്ചാബ്; കൊവിഡ് കേസില്‍ വന്‍ വര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ്. സ്‌കൂളുകളും കോളേജുകളും അടച്ചിടാനാണ് തീരുമാനം. പൊതു സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

ഇന്ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് അനുസരിച്ച്, സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയും ചെയ്യും.

അതേസമയം മെഡിക്കല്‍, നഴ്സിംഗ് കോളേജുകള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഉണ്ടായിരിക്കും. ബാറുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍, സ്പാകള്‍, മ്യൂസിയങ്ങള്‍, മൃഗശാലകള്‍ എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. അതേസമയം ഇവിടെയുള്ള എല്ലാ സ്റ്റാഫ് അംഗങ്ങളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍.

അതേസമയം സ്പോര്‍ട്സ് കോംപ്ലക്സുകള്‍, സ്റ്റേഡിയങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദശിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ ഇവന്റുകള്‍ക്കായി പരിശീലനം നടത്തുന്ന കായിക താരങ്ങള്‍ക്ക് മാത്രമേ ഇത്തരം സ്ഥലങ്ങളില്‍ ഇനി പ്രവേശനം അനുവദിക്കൂ.

സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും പൂര്‍ണമായും വാക്സിന്‍ എടുത്ത ജീവനക്കാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും പുതിയ ഉത്തരവില്‍ പറയുന്നു.

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിലവില്‍ വലിയ റാലികളും രാഷ്ട്രീയ പൊതുയോഗങ്ങളും നടക്കുന്നുണ്ട്.
എന്നാല്‍ ഇത്തരം രാഷ്ട്രീയ യോഗങ്ങള്‍ക്കും റാലികള്‍ക്കും നിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.

പഞ്ചാബില്‍ കൊവിഡ് കേസുകള്‍ അതിവേഗം ഉയരുന്നതയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 28ന് 51 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഇന്നലെ 419 കേസുകളാണ് വന്നിരിക്കുന്നത്. ഡിസംബര്‍ 28 ന് .46 ശതമാനമായിരുന്നു ടെസ്റ്റ് പോസിസ്റ്റിവിറ്റി നിരക്കാണ് ഇന്നലെ 4.47 ശതമാനമായി ഉയര്‍ന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more