പി.എന്‍.ബി തട്ടിപ്പ്; നീരവ് മോദി ഇംഗ്ലണ്ടില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍
PNB fraud
പി.എന്‍.ബി തട്ടിപ്പ്; നീരവ് മോദി ഇംഗ്ലണ്ടില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th June 2018, 9:20 am

ന്യൂദല്‍ഹി: വിവാദമായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി നീരവ് മോദി ഇംഗ്ലണ്ടിനോട് രാഷ്ട്രീയ അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് നീരവ് മോദിയും കൂട്ടാളികളും ഒളിവിലായിരുന്നു.

രാഷ്ട്രീയ അഭയം നല്‍കണമെന്ന ആവശ്യം മോദി മുന്നോട്ട് വച്ചതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതേവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തുന്ന രീതിയില്‍ പല കേസുകളും നിലവിലുണ്ട്. ഇക്കാര്യങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്നും ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.


ALSO READ: പി.എന്‍.ബി തട്ടിപ്പ്; നീരവ് മോദിക്കെതിരെ ജാമ്യമില്ലാ വാറണ്ട്


കഴിഞ്ഞ മാസമാണ് ബ്രിട്ടണിലുള്ള എല്ലാ ഇന്ത്യന്‍ സാമ്പത്തിക തട്ടിപ്പുകാരെയും പുറത്താക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചത്. വിജയ് മല്യ, ലളിത് മോദി എന്നിവര്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ ബ്രിട്ടണില്‍ അഭയം തേടിയിരിക്കുകയാണ്.

13,000 കോടി രൂപയുടെ തട്ടിപ്പാണു നീരവ് മോദിയും അമ്മാവനും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖ കേന്ദ്രമാക്കി നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്.