ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. കോടതിയെ സമീപിക്കുന്ന വിഷയത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തുകയാണെന്നും ചൊവ്വാഴ്ച തന്നെ തീരുമാനമറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കര്‍ഷകരെ ദുരിതത്തിലാക്കിയ മോദിസര്‍ക്കാരിനെതിരെ പ്രതിഷേധ ട്വീറ്റുകള്‍ നടത്തുന്നയാളാണ് രാഹുല്‍ ഗാന്ധി. ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിക്കും’- അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഭരണഘടനപരമായി ഓരോ സംസ്ഥാനത്തിനുമുള്ള അവകാശങ്ങള്‍ ബി.ജെപി സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. ഇങ്ങനെപോയാല്‍ എങ്ങനെ സംസ്ഥാന ഭരണം സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.
‘എന്നും അധികാരത്തിലിരിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. അവരോട് ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. രാജ്യത്തെ ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്’- അദ്ദേഹം പറഞ്ഞു.
കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കര്‍ഷക ബില്ലുകളില്‍ ഒപ്പുവെച്ചിരുന്നു.
പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും കഴിഞ്ഞ ആഴ്ച രണ്ട് കര്‍ഷക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു.
ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തിയിരുന്നു.
അതേസമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. കാര്‍ഷിക ബില്ലിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ബീഹാര്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ ഇപ്പോഴും പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കാര്‍ഷിക ബില്ലിനെ അനുകൂലിച്ച കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക