| Saturday, 27th November 2021, 1:44 pm

ഒരാളേയും നിലനിര്‍ത്തില്ല; ടീം ഉടച്ചുവാര്‍ക്കാന്‍ പഞ്ചാബ് കിംഗ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ മെഗാ ലേലത്തിന് മുന്നോടിയായി പഞ്ചാബ് കിംഗ്‌സ് ഒരു താരങ്ങളേയും നിലനിര്‍ത്തില്ലെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ടീം വിടുമെന്ന് ഉറപ്പായതോടെ പുതിയ ടീം രൂപീകരിക്കാനാണ് മാനേജ്‌മെന്റ് ശ്രമം.

ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയ്, പേസര്‍ അര്‍ഷ്ദീപ് സിംഗ്, ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയേക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, രാഹുല്‍ ടീം വിടാന്‍ തീരുമാനിച്ചത് അവര്‍ക്ക് കനത്ത തിരിച്ചടിയായി.

ഇതോടെ ലേലത്തിലെത്തുമ്പോള്‍ പഞ്ചാബിന് 90 കോടി രൂപ ബഡ്ജറ്റ് ഉണ്ടാവും. നവംബര്‍ 30 നകം ടീമുകളോട് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നല്‍കാന്‍ അറിയിച്ചിട്ടുണ്ട്. ഡിസംബറിലാണ് മെഗാ ലേലം നടക്കുക.

മറ്റ് ടീമുകളില്‍ നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്തും. പേസര്‍ ജസ്പ്രീത് ബുംറയേയും ടീം ലേലത്തില്‍ വെക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം കെയ്റോണ്‍ പൊള്ളാര്‍ഡിനെ ടീമില്‍ നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവിനേയും ഇഷന്‍ കിഷനേയും നിലനിര്‍ത്താനാണ് മുംബൈയുടെ പദ്ധതി.

നാല് താരങ്ങളെയാണ് മെഗാലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയ്ക്ക് നിലനിര്‍ത്താനാകുക. അതിനാല്‍ സൂര്യകുമാര്‍ യാദവിനെ ലേലത്തില്‍ വെച്ച് വിളിച്ചെടുക്കാനും ഇഷന്‍ കിഷനെ നിലനിര്‍ത്താനുമാണ് ടീം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ സൂപ്പര്‍കിംഗ്‌സ് മഹേന്ദ്രസിംഗ് ധോണി, റിതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് നിലനിര്‍ത്തുന്നത്. സുരേഷ് റെയ്‌നയെ വിട്ടുകളയുന്നു എന്നതാണ് ചെന്നൈ ക്യാംപിലെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.

കെ.എല്‍. രാഹുല്‍ പുതിയ ടീമായ സഞ്ജയ് ഗൊയെങ്കയുടെ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറിയേക്കും. ഗൊയെങ്കയുടെ ലഖ്നൗ ടീമിന്റെ നായകസ്ഥാനത്തേക്കാണ് രാഹുലിനെ പരിഗണിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സുനില്‍ നരെയ്നേയും ആന്ദ്രെ റസലിനേയും നിലനിര്‍ത്തുന്നതിനാണ് പദ്ധതിയിടുന്നത്. വരുണ്‍ ചക്രവര്‍ത്തിയേയും കൊല്‍ക്കത്ത നിലനിര്‍ത്തിയേക്കും.

ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ഒരാളെ നിലനിര്‍ത്താനും കൊല്‍ക്കത്ത ആലോചിക്കുന്നുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ നായകന്‍ റിഷഭ് പന്ത് ടീമിനൊപ്പം തുടരും. മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ലേലത്തില്‍ വിട്ടുകൊടുക്കാനാണ് ഡല്‍ഹിയുടെ പദ്ധതി.

അക്സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ത്യെ എന്നിവരെയാകും ഡല്‍ഹി നിലനിര്‍ത്തുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Punjab Kings unlikely to retain any player, to enter IPL 2022 mega auction with full purse

We use cookies to give you the best possible experience. Learn more