| Monday, 22nd August 2022, 6:49 pm

ഐ.പി.എല്‍ 2023; പടയൊരുക്കം തുടങ്ങി പഞ്ചാബ്; നായകനാവാന്‍ ഇന്ത്യയെ തച്ചുതകര്‍ത്തവന്‍; അമ്പരന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ കളിക്കുകയും ഒരിക്കല്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജാക്കന്‍മാരാവാന്‍ സാധിക്കാത്തതുമായ മൂന്നേ മൂന്ന് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലുള്ളത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) എന്നിവരാണ് ആ ടീമുകള്‍. ഇവരില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തുകയും അതിലെല്ലാം ഒന്നൊഴിയാതെ പരാജയപ്പെട്ടതും പഞ്ചാബ് മാത്രമാണ്.

ഐ.പി.എല്ലിന്റെ ഓരോ സീസണ്‍ കഴിയുമ്പോളും കിരീടവരള്‍ച്ചയുടെ നാണക്കേട് മറക്കാന്‍ ഇറങ്ങുന്ന പഞ്ചാബ്, ഇരട്ടി നാണക്കേടും കൊണ്ടാണ് തിരിച്ചുകയറാറുള്ളത്.

2022 ഐ.പി.എല്ലിന് മുമ്പ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലുമായി കലിപ്പായതും, താരം ടീം വിട്ടുപോയതും പഞ്ചാബിന് അടിയായിരുന്നു. രാഹുലിന് പരകക്കാരനായി മായങ്ക് അഗര്‍വാളിനെയായിരുന്നു പഞ്ചാബ് നായകസ്ഥാനം ഏല്‍പിച്ചത്.

കഴിഞ്ഞ സീസണില്‍ ഏറ്റവും കുടുതല്‍ തുക ചെലവഴിച്ച് ഓഡിയന്‍ സ്മിത്, ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോ, ശ്രീലങ്കയുടെ മിസ്റ്ററി സ്പിന്നര്‍ ഭാനുക രജപക്‌സെ എന്നിവരെയെല്ലാം തന്നെ ടീമിലെത്തിച്ചെങ്കിലും മോശം പ്രകടനമായിരുന്നു പഞ്ചാബ് നടത്തിയത്.

എന്താണ് ടീമിന്റെ പ്രശ്‌നം എന്നത് ടീമിനെ വലിയ ചോദ്യചിഹ്നത്തിന് മുമ്പില്‍ നിര്‍ത്തുന്നുണ്ട്. എന്നാലിപ്പോള്‍ ടീമിന്റെ ശനിദശ മറികടക്കാന്‍ പുതിയ വഴി തേടിയിരിക്കുകയാണ് കോച്ച് അനില്‍ കുംബ്ലെയും ടീം മാനേജ്‌മെന്റും.

ടീമിന്റെ ക്യപ്റ്റനെ മാറ്റി ‘പുതിയ’ പരീക്ഷണത്തിനാണ് പഞ്ചാബ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മായങ്ക് അഗര്‍വാളിന് പകരം ഇംഗ്ലണ്ടിന്റെ വമ്പനടിവീരന്‍ ജോണി ബെയര്‍സ്‌റ്റോയെ ക്യാപ്റ്റനാക്കാന്‍ പഞ്ചാബ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയാലും മായങ്കിനെ ടീമില്‍ നിലനിര്‍ത്താനും സാധ്യതയുണ്ട്. മായങ്ക് അഗര്‍വാളിനെ ഒരു സ്റ്റാര്‍ ബാറ്റര്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്താനാവും ടീം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ പരമ്പരയിലെല്ലാം തന്നെ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ബെയര്‍‌സ്റ്റോയ്ക്ക് പഞ്ചാബിന് വേണ്ടി പലതും ചെയ്യാന്‍ സാധിക്കുമെന്നുതന്നെയാണ് ആരാധകര്‍ വിലയിരുത്തുന്നത്.

2022ല്‍ 13 മത്സരത്തില്‍ നിന്നും 196 റണ്‍സ് മാത്രമാണ് മായങ്കിന് നേടാന്‍ സാധിച്ചിട്ടുള്ളത്. 16.33 ശരാശരിയില്‍ 122.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു മായങ്ക് 196 റണ്‍സ് നേടിയത്.

ഐ.പി.എല്ലിന്റെ അടുത്ത സീസണ്‍ 2023 മാര്‍ച്ചില്‍ ആരംഭിക്കും.

Content Highlight: Punjab Kings to make Jonny Bairstow as their captain before IPL 2023

We use cookies to give you the best possible experience. Learn more