| Sunday, 17th March 2024, 8:28 am

പഞ്ചാബിന്റെ പുതിയ സ്റ്റേഡിയം ഞങ്ങളുടെ ഭാഗ്യമാവും: പ്രതീക്ഷകള്‍ പങ്കുവെച്ച് ശിഖര്‍ ധവാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 22ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

ഇപ്പോഴിതാ പഞ്ചാബ് കിങ്സ് പുതിയ ജേഴ്‌സി പുറത്തുവിട്ടിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ ജേഴ്‌സി ലോഞ്ച് ചെയ്തത്.

ചണ്ഡീഗഡില്‍ വെച്ചായിരുന്നു ജേഴ്സി ലോഞ്ച് ചടങ്ങ് നടന്നത്. ടീമിന്റെ ജേഴ്‌സി ചടങ്ങിനിടയില്‍ പുതിയ സീസണിലെ പഞ്ചാബ് കിങ്‌സിന്റെ പ്രതീക്ഷകളെക്കുറിച്ച് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു.

‘പഞ്ചാബിന്റെ ജേഴ്സിക്ക് പുതിയ ഒരു ഐഡന്റിറ്റി ഉണ്ട്. ടൂര്‍ണമെന്റിന് മുമ്പായി ഞങ്ങള്‍ എപ്പോഴും പോസിറ്റീവ് കാര്യങ്ങള്‍ക്കാണ് കാത്തിരിക്കുന്നത്. പുതിയ സ്റ്റേഡിയം ഞങ്ങളുടെ ഭാഗ്യമായിരിക്കും. മൊഹാലിയോട് എപ്പോഴും ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്,’ ധവാനെ ഉദ്ധരിച്ച്
ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

നീണ്ട 16 വര്‍ഷക്കാലമായി ഐ.പി.എല്ലില്‍ കളിച്ചെങ്കിലും ഒരു കിരീടം സ്വന്തമാക്കാന്‍ ഇതുവരെ പഞ്ചാബിന് സാധിച്ചിട്ടില്ല. ഐപിഎലിന്റെ ആദ്യ സീസണ്‍ ആയ 2008ല്‍ പഞ്ചാബ് സെമിയില്‍ പ്രവേശിച്ചിരുന്നു.

പിന്നീട് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 2014ല്‍ പഞ്ചാബ് ഫൈനലില്‍ എത്തിയിരിക്കുന്നു. എന്നാല്‍ അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട് പഞ്ചാബിന് കിരീടം നഷ്ടമാവുകയായിരുന്നു.

ഈ സീസണില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച താരങ്ങളുമായാണ് ധവാന്റെ കീഴില്‍ പഞ്ചാബ് ഇറങ്ങുന്നത്. 17 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ പഞ്ചാബിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

മാര്‍ച്ച് 23ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. മഹാരാജ യാദവിന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

2024 ഐ.പി.എല്ലിനുള്ള പഞ്ചാബ് സ്‌ക്വാഡ്

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), മാത്യു ഷോട്ട്, പ്രഭിസിമ്രാന്‍ സിങ്, ജിതേഷ് ശര്‍മ, സിക്കന്ദര്‍ റാസ, ഋഷി ധവാന്‍, ലിയാം ലിവിങ്സ്റ്റണ്‍, അഥര്‍വ ടൈഡെ, അര്‍ഷ്ദീപ് സിങ്, നഥാന്‍ എല്ലിസ്, സാം കറന്‍, കാഗിസോ റബാദ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹര്‍, ഹര്‍പ്രീത് കവേര്‍പ്പപ്പ, വിദ്വ ഭാട്ടിയ , ശിവം സിങ്, ഹര്‍ഷല്‍ പട്ടേല്‍, ക്രിസ് വോക്‌സ്, അശുതോഷ് ശര്‍മ, വിശ്വനാഥ് പ്രതാപ് സിങ്, ശശാങ്ക് സിങ്, തനയ് ത്യാഗരാജന്‍, പ്രിന്‍സ് ചൗധരി, റിലീ റോസൊ.

Content Highlight: Punjab Kings reveal new jersy for ipl 2024

Latest Stories

We use cookies to give you the best possible experience. Learn more