| Saturday, 25th March 2023, 9:31 pm

ആറേമുക്കാല്‍ കോടി വേണ്ടെന്ന് വെച്ച് ഇംഗ്ലണ്ടിലേക്ക് പോയവന് പകരക്കാരന്‍ 'ശത്രുരാജ്യത്ത്' നിന്ന്; പഞ്ചാബിന്റെ രാജതന്ത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോക്ക് പകരക്കാരനെ പ്രഖ്യാപിച്ച് പഞ്ചാബ് കിങ്‌സ്. നാഷണല്‍ ഡ്യൂട്ടിയില്‍ ആഷസിനായി പൂര്‍ണ സജ്ജനാകാന്‍ വേണ്ടിയാണ് ബെയര്‍‌സ്റ്റോ ഐ.പി.എല്ലിനോട് നോ പറഞ്ഞത്.

ഇംഗ്ലണ്ടിന്റെ റൈവല്‍സായ ഓസ്‌ട്രേലിയയില്‍ നിന്നാണ് പഞ്ചാബ് ബെയര്‍‌സ്റ്റോക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുന്നത്. ഓസീസ് സൂപ്പര്‍ താരം മാത്യൂ ഷോര്‍ട്ടാണ് ബെയര്‍സ്‌റ്റോക്ക് പകരക്കാരനായി ഗബ്ബറിന്റെ സ്‌ക്വാഡിലെത്തുക.

ട്വിറ്ററില്‍ പങ്കുവെച്ച ‘ഇംപോര്‍ട്ടന്റ് അപ്‌ഡേറ്റി’ലാണ് പഞ്ചാബ് കിങ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. പരിക്കേറ്റ ബെയര്‍‌സ്റ്റോ ഇത്തവണ ഐ.പി.എല്ലിനുണ്ടാകില്ലെന്നും പകരക്കാരനായി ഓസീസ് താരം മാത്യു ഷോര്‍ട്ടിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പഞ്ചാബ് പറഞ്ഞു. വരും സീസണില്‍ ബെയര്‍‌സ്റ്റോ പഞ്ചാബില്‍ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ വ്യക്തമാക്കി.

വമ്പനടി വീരനായ ബെയര്‍സ്‌റ്റോക്ക് പകരക്കാരനായി അതേ ജനുസില്‍ പെട്ട ഷോര്‍ട്ടിനെ ഉള്‍പ്പെടുത്തിയതോടെ പഞ്ചാബ് കിങ്‌സ് രണ്ടും കല്‍പിച്ചാണ് സീസണിനറങ്ങുന്നത് എന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.

2022-23 ബിഗ് ബാഷ് ലീഗില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായാണ് മാത്യു ഷോര്‍ട്ട് തരംഗമായത്. 458 റണ്‍സോടെ ടൂര്‍ണമെന്റിലെ മികച്ച രണ്ടാമത് റണ്‍വേട്ടക്കാരനാകാനും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു.

14 മത്സരത്തില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 35.23 എന്ന ശരാശരിയിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

ഇതിന് പുറമെ 11 വിക്കറ്റും താരം ബി.ബി.എല്ലിലെ കഴിഞ്ഞ സീസണില്‍ നിന്നും സ്വന്തമാക്കിയിരുന്നു. 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ടോപ് ബൗളിങ് പെര്‍ഫോമന്‍സ്.

പരിക്കിന്റെ പിടിയിലായതിന് പിന്നാലെയാണ് ബെയര്‍‌സ്റ്റോ ഇത്തവണത്തെ ഐ.പി.എല്‍ കളിക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്.

6 കോടി 75 ലക്ഷം രൂപക്കായിരുന്നു പഞ്ചാബ് കിങ്‌സ് തങ്ങളുടെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്ററെ നിലനിര്‍ത്തിയത്. എന്നാല്‍ ഐ.പി.എല്‍ 2023ന് പകരം താരം നാഷണല്‍ ഡ്യൂട്ടിക്കായി ഒരുങ്ങുകയാണ്. ഇംഗ്ലണ്ട് – ഓസ്ട്രേലിയ ആഷസ് പരമ്പരക്ക് വേണ്ടിയാണ് താരം ഐ.പി.എല്ലിനോട് നോ പറഞ്ഞിരിക്കുന്നത്.

സെപ്റ്റംബറില്‍ കാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത ബെയര്‍സ്റ്റോ ഐ.പി.എല്ലിന് സജ്ജനല്ല. യോര്‍ക്ഷെയറിനായി കൗണ്ടിയിലൂടെ തിരിച്ചുവരവ് നടത്താനാണ് ബെയര്‍സ്റ്റോ ഉദ്ദേശിക്കുന്നത്.

നേരത്തെ ഗോള്‍ഫ് കളിക്കുന്നതിനിടെയായിരുന്നു ബെയര്‍സ്റ്റോക്ക് പരിക്കേറ്റത്. ഇക്കാരണം ഒന്നുകൊണ്ടുതന്നെ താരത്തിന് ടി-20 ലോകകപ്പും നഷ്ടമായിരുന്നു.

അതേസമയം, പുതിയ നായകന് കീഴില്‍ പഞ്ചാബ് കിരീട മോഹവുമായി മുന്നൊരുക്കങ്ങള്‍ നടത്തുകയാണ്. ശിഖര്‍ ധവാന് കീഴിലായിരിക്കും ഈ സീസണില്‍ പഞ്ചാബ് കളത്തിലിറങ്ങുക.

ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിക്കാതെ പോയ മൂന്ന് ടീമുകളില്‍ ഒന്നാണ് പഞ്ചാബ്. 16ാം സീസണില്‍ ആ ചീത്തപ്പേര് മാറ്റിയെടുക്കുക എന്ന ഉദ്ദേശം മാത്രമാണ് പഞ്ചാബിന്റെ രാജാക്കന്‍മാര്‍ക്കുള്ളത്.

Content Highlight: Punjab Kings replaces Jonny Bairtstow with Matthew Short in IPL 2023

We use cookies to give you the best possible experience. Learn more