ഒടുവില്‍ ആര്‍.സി.ബിക്കും കിരീടം; നാണക്കേടിന്റെ മോശം റെക്കോഡില്‍ പഞ്ചാബ്
Sports News
ഒടുവില്‍ ആര്‍.സി.ബിക്കും കിരീടം; നാണക്കേടിന്റെ മോശം റെക്കോഡില്‍ പഞ്ചാബ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th March 2024, 11:33 am

വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷനില്‍ കിരീടം നേടിക്കൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന തങ്ങളുടെ കിരീട വരള്‍ച്ചക്ക് അന്ത്യമിട്ടിരിക്കുകയാണ്.

ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മെഗ് ലാന്നിങ്ങിന്റെ നേതൃത്വത്തിലിറങ്ങിയ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പിച്ചാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടം നേടിയത്. എട്ട് വിക്കറ്റിനായിരുന്നു ആര്‍.സി.ബിയുടെ വിജയം.

2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിരുന്നിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ രണ്ട് ഫ്രാഞ്ചൈസികളുടെ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും ഈ ഫൈനല്‍ മത്സരത്തിനുണ്ടായിരുന്നു.

ഫൈനലില്‍ മന്ഥാനയും സംഘവും കിരീടമുയര്‍ത്തിയപ്പോള്‍ ഒരു മോശം റെക്കോഡാണ് ചിത്രത്തിലേ ഇല്ലാതിരുന്ന പഞ്ചാബ് കിങ്‌സിനെ തേടിയെത്തിയത്. പഞ്ചാബ് കിങ്‌സിന് വുണ്‍സ് പ്രീമിയര്‍ ലീഗില്‍ ടീം ഉണ്ടായിരുന്നില്ല.

ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ കളിച്ചിട്ടും ഐ.പി.എല്ലിലോ മറ്റ് ടൂര്‍ണമെന്റുകളിലോ കിരീടം നേടാന്‍ സാധിക്കാതെ പോയ ഏക ടീം എന്ന മോശം റെക്കോഡാണ് പഞ്ചാബിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

വുമണ്‍സ് പ്രീമിയര്‍ ലീഗ് 2024 വരെ പഞ്ചാബിന് കൂട്ടായി ആര്‍.സി.ബിയുണ്ടായിരുന്നെങ്കിലും സീസണില്‍ കിരീടം നേടിയതോടെ ഈ നാണക്കേടില്‍ നിന്നും മന്ഥാനയും ടീമും രക്ഷപ്പെടുകയായിരുന്നു.

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സഹ ഉടമകളായ ജി.എം.ആര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ ക്യാപ്പിറ്റല്‍സ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ 2022 എഡിഷനില്‍ കിരീടം ചൂടിയിരുന്നു.

ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഇര്‍ഫാന്‍-യൂസുഫ് പത്താന്‍ സഹോദരന്‍മാരുടെ ഭില്‍വാര കിങ്‌സിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗൗതം ഗംഭീറിന്റെ ക്യാപ്പിറ്റല്‍സ് കിരീടമണിഞ്ഞത്.

ഈ വരുന്ന ഐ.പി.എല്ലില്‍ കിരീടം നേടി പഞ്ചാബ് കിങ്‌സ് തങ്ങളുടെ കിരീട വരള്‍ച്ചക്ക് അന്ത്യമിടുമെന്നും ഈ നാണക്കേടില്‍ നിന്നും കരകയറുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

മാര്‍ച്ച് 23നാണ് പഞ്ചാബ് കിങ്‌സ് സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹിയാണ് എതിരാളികള്‍.

 

Content Highlight: Punjab Kings is the only IPL franchise (since 2008) that never won a league including all its branches