ഐ.പി.എല്ലിലെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ പല സൂപ്പര്‍ ടീമുകള്‍ക്കും നിരാശയായിരുന്നു ഫലം. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈയ്ക്കും നാല് തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയ്ക്കും സങ്കടം മാത്രമായിരുന്നു ഈ സീസണ്‍ സമ്മാനിച്ചത്.
മുന്‍ ചാമ്പ്യന്‍മാര്‍ക്ക് മാത്രമല്ല തങ്ങളുടെ ആദ്യ കിരീടം നേടിയെത്തിയ ദല്‍ഹി ക്യാപ്പിറ്റല്‍സും പഞ്ചാബ് കിംഗ്‌സും നിരാശരായി തന്നെയാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.
14 മത്സരത്തില്‍ നിന്നും 7 വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായാണ് പഞ്ചാബ് കിംഗ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ നായകന്‍ മായങ്ക് അഗര്‍വാളിനും പ്രീതി സിന്റയ്ക്കും ഇത്തവണയും ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്.
ഐ.പി.എല്ലിന്റെ 15ാം എഡിഷനിലും ആറാം സ്ഥാനത്തെത്തിയതോടെ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏറ്റവും സ്ഥിരതയുള്ള ടീമായി മാറിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ഒന്നും രണ്ടും തവണയല്ല, തുടര്‍ച്ചയായി നാലാം തവണയാണ് പഞ്ചാബ് ഐ.പി.എല്ലില്‍ ആറാം സ്ഥാനത്ത് നിന്നുകൊണ്ട് സീസണ്‍ അവസാനിപ്പിക്കുന്നത്.
2019 മുതലാണ് രാജസ്ഥാന്‍ ആറാം സ്ഥാനത്ത് നിന്നുകൊണ്ടുള്ള തങ്ങളുടെ ജൈത്രയാത്ര തുടങ്ങിയത്. തുടര്‍ന്ന് 2020ലും 2021ലും ഇപ്പോള്‍ 2022ലും പഞ്ചാബ് ആറാമതായാണ് ഫിനിഷ് ചെയ്തത്.
2019ല്‍ 14 മത്സരത്തില്‍ നിന്നും ആറ് ജയവും എട്ട് തോല്‍വിയുമായിട്ടാണ് ആറാമതെത്തിയതെങ്കില്‍ 2020ലും ആറ് ജയവും എട്ട് തോല്‍വിയുമായിരുന്നു ടീമിനുണ്ടായിരുന്നത്.
തൊട്ടടുത്ത സീസണിലും ജയത്തിന്റേയും തോല്‍വിയുടേയും എണ്ണത്തില്‍ പഞ്ചാബ് കണ്‍സിസ്റ്റന്‍സി പുലര്‍ത്തിയിരുന്നു. 2020ലും ആറ് ജയവും എട്ട് തോല്‍വിയുമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
ഈ സീസണിലാണ് പഞ്ചാബ് തങ്ങളുടെ നില അല്‍പമെങ്കിലും ഒന്ന് മെച്ചപ്പെടുത്തിയത്. ഒരു ജയം അധികം നേടിയാണ് പി.ബി.കെ.എസ് ആറാമതെത്തിയത്. ഒരു പക്ഷേ ആറ് ജയമാണ് ഈ സീസണിലും നേടിയിരുന്നതെങ്കില്‍, സ്വന്തം പോലെ കരുതിയിരുന്ന ആറാം സ്ഥാനം പഞ്ചാബിന് നഷ്ടമാവുമായിരുന്നു.
2008 മുതല്‍ ഐ.പി.എല്‍ കളിക്കാന്‍ തുടങ്ങിയിട്ടും ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിക്കാത്ത മൂന്ന് ടീമുകളാണ് ഐ.പി.എല്ലിലുള്ളത്. അതിലൊന്നാണ് പഞ്ചാബ് കിംഗ്‌സ് (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്). അടുത്ത സീസണിലെങ്കിലും ആറാം സ്ഥാനത്ത് നിന്നും കരകയറാനും കിരീടം നേടാനുമുള്ള ശ്രമത്തിലായിരിക്കും കിംഗ്‌സ് ഇറങ്ങുന്നത്.
Content Highlight: Punjab Kings finishes IPL in 6th place for Four years in a row