| Sunday, 30th April 2023, 7:44 pm

ഇത് ഐ.പി.എല്ലിന്റെ ചരിത്രലാദ്യം; സഞ്ജുവിന് ശേഷം ധോണിയെ കരയിച്ച് ധവാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ മറ്റൊരു ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളിത്തട്ടകമായ ചെപ്പോക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ വിജയം.

അവസാന പന്തില്‍ മൂന്ന് റണ്‍സ് വിജയിക്കാന്‍ ആവശ്യമായിരിക്കെ പതിരാനയെറിഞ്ഞ പന്തില്‍ മൂന്ന് റണ്‍സും ഓടിയെടുത്താണ് സിക്കന്ദര്‍ റാസയും ഷാരൂഖ് ഖാനും പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുന്നത്. നേരത്തെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ചിദംബരത്തിലെത്തി ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു. മൂന്ന് റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്തതിന് ശേഷം തോല്‍വിയേറ്റുവാങ്ങുന്നത്.

നേരത്തെ ടോസ് നേടിയ ചെന്നൈ നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വേയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തിലാണ് സൂപ്പര്‍ കിങ്‌സ്  200ലേക്കുയര്‍ന്നത്. 52 പന്തില്‍ നിന്നും പുറത്താകാതെ 92 റണ്‍സാണ് താരം നേടിയത്.

201 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ പഞ്ചാബിനായി ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ലിയാം ലിവിങ്സ്റ്റണും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. പ്രഭ്‌സിമ്രാന്‍ 24 പന്തില്‍ നിന്നും 42 റണ്‍സ് നേടിയപ്പോള്‍ ലിവിങ്സ്റ്റണ്‍ 24 പന്തില്‍ നിന്നും 40 റണ്‍സും നേടി.

അവസാന ഓവറുകളില്‍ ജിതേഷ് ശര്‍മയുടെ തകര്‍പ്പന്‍ അടിയും പഞ്ചാബിന് തുണയായി. പത്ത് പന്തില്‍ നിന്നും 21 റണ്‍സാണ് ജിതേഷ് ശര്‍മ നേടിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഒരു ടീമിലെ ഒരു താരം പോലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാതെ 200+ റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിക്കുന്നത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും പഞ്ചാബിനായി. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് വിജയവുമായി പത്ത് പോയിന്റാണ് പഞ്ചാബ് കിങ്‌സിനുള്ളത്. പത്ത് പോയിന്റുള്ള ചെന്നൈ പട്ടികയില്‍ നാലാമതാണ്.

Content highlight: Punjab Kings defeated Chennai Super Kings

We use cookies to give you the best possible experience. Learn more