| Saturday, 13th April 2024, 8:53 pm

ഞങ്ങളുടെ ചീത്തപ്പേര് മാറ്റാൻ മറ്റാരും വേണ്ട! രാജസ്ഥാന്റെ നാണക്കേടിന്റെ റെക്കോഡ് ഇനിമുതൽ പഞ്ചാബിന്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. പഞ്ചാബിനെ തുടക്കത്തില്‍ തന്നെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു രാജസ്ഥാന്‍ ബൗളര്‍മാര്‍.

പഞ്ചാബ് സ്‌കോര്‍ 27ല്‍ നില്‍ക്കേ ഓപ്പണര്‍ അഥര്‍വ്വ ടൈഡിനെയാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 12 പന്തില്‍ 15 റണ്‍സ് എടുത്ത താരത്തെ ആവേശ് ഖാന്‍ ആണ് പുറത്താക്കിയത്. ജോണിസ്റ്റോയെ 19 പന്തില്‍ 15 റണ്‍സും നായകന്‍ സാം കറന്‍ 10 പന്തില്‍ ആറ് റണ്‍സും നേടി പുറത്തായി.

രാജസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ താരം കേശവ് മഹാരാജ് ആണ് ഇരുവരെയും പുറത്താക്കിയത് 14 പന്തില്‍ 10 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ യുസ്വേന്ദ്ര ചാഹലും മടക്കി. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ശശാങ്കു സിങ്ങിനെ കുല്‍ദീപ് സെന്നും പുറത്താക്കി.

ആദ്യ 10 ഓവറില്‍ പഞ്ചാബിന് 53 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതിനു പിന്നാലെ ഒരു മോശം നേട്ടവും പഞ്ചാബ് സ്വന്തമാക്കി. ഈ സീസണില്‍ ആദ്യ 10 ഓവര്‍ പിന്നിടുമ്പോള്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന മോശം നേട്ടമാണ് പഞ്ചാബിനെ തേടിയെത്തിയത്.

ഇതിനുമുമ്പ് ഈ മോശം നേട്ടത്തില്‍ ഉണ്ടായിരുന്നത് രാജസ്ഥാന്‍ റോയല്‍സ് ആയിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ആദ്യ പത്ത് ഓവറില്‍ രാജസ്ഥാന്‍ 58 റണ്‍സ് ആയിരുന്നു നേടിയിരുന്നത്.

നിലവില്‍ കളി തുടരുമ്പോള്‍ 14 ഓവറില്‍ 74 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ എന്ന നിലയിലാണ് പഞ്ചാബ്. 16 പന്തില്‍ 12 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ലിയാന്‍ ലിവിങ്സ്റ്റണുമാണ് ക്രീസില്‍.

Content Highlight: Punjab Kings create a unwanted record in IPL 2024

We use cookies to give you the best possible experience. Learn more