ടി-20യില്‍ ഇന്ത്യക്കും ഓസ്ട്രേലിയക്കും പോലുമില്ല ഇതുപോലൊരു റെക്കോഡ്; ചരിത്രംക്കുറിച്ച് പഞ്ചാബ് സിംഹങ്ങള്‍
Cricket
ടി-20യില്‍ ഇന്ത്യക്കും ഓസ്ട്രേലിയക്കും പോലുമില്ല ഇതുപോലൊരു റെക്കോഡ്; ചരിത്രംക്കുറിച്ച് പഞ്ചാബ് സിംഹങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th April 2024, 2:56 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് രണ്ടാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റുള്‍ക്കാണ് പഞ്ചാബ് കീഴടക്കിയത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 19.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ടീമെന്ന നേട്ടമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ടീം, വിജയിച്ച മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

പഞ്ചാബ് കിങ്സ്-6

ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ്-5

മുംബൈ ഇന്ത്യന്‍സ്-5

ഇന്ത്യ-5

ഓസ്‌ട്രേലിയ-5

പഞ്ചാബിന് വേണ്ടി ബാറ്റിങ്ങില്‍ ശശാങ്ക് സിങ്ങാണ് മികച്ച പ്രകടനം നടത്തിയത്. 29 പന്തില്‍ നിന്ന് നാല് സിക്സറും ആറ് ഫോറും അടക്കം 61 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 210.34 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത്. പ്രഭ്സിമ്രാന്‍ സിങ് 24 പന്തില്‍ 35 റണ്‍സും അശുതോഷ് 17 പന്തില്‍ 31 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ഗുജറാത്ത് ബൗളിങ്ങില്‍ അസ്മത്തുള്ള ഒമര്‍ സായി, ഉമേഷ് യാദവ്, റാഷിദ് ഖാന്‍, മോഹിത് ശര്‍മ ദര്‍ശന്‍ നാല്‍കണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നൂര്‍ അഹമ്മദ് രണ്ടു വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം ഗുജറാത്തിന് വേണ്ടി 48 പന്തില്‍ നാല് സിക്സറും ആറ് ഫോറും അടക്കം 89 റണ്‍സാണ് അടിച്ചെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആണ് കരുത്തുകാട്ടിയത്.
155.42 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. സായ് സുദര്‍ശന്‍ 19 പന്തില്‍ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

പഞ്ചാബ് ബൗളിങ്ങില്‍ കാഗിസോ റബാദ രണ്ടു വിക്കറ്റും ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ജയത്തോടെ നാലു മത്സരങ്ങളില്‍ രണ്ടു വിജയവും രണ്ടു തോല്‍വിയുമായി നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. ഏപ്രില്‍ ഒമ്പതിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് പഞ്ചാബിന്റെ അടുത്ത മത്സരം. മൊഹാലിയാണ് വേദി.

Content Highlight: Punjab Kings create a new record in T20