| Wednesday, 3rd July 2024, 4:48 pm

മറ്റാരും ചെയ്തില്ല, പഞ്ചാബ് കിങ്‌സ് മാത്രം; ഇന്ത്യയുടെ ലോകകപ്പ് വിജയം സ്പെഷ്യലാക്കി പഞ്ചാബ് സിംഹങ്ങൾ

സ്പോര്‍ട്സ് ഡെസ്‌ക്

രാജ്യം മുഴുവന്‍ ഇപ്പോള്‍ രണ്ടാം ടി-20 കിരീടം നേടിയതിന്റെ ആഘോഷത്തിലാണ്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. 2007ന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ടി-20 കിരീടത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത്.

ഈ ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ഇന്നിങ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ ഏകദിനത്തിലും ടി-20യിലും രണ്ട് വീതം കിരീടങ്ങള്‍ നേടിക്കൊണ്ട് നാല് ഐ.സി.സി ലോകകപ്പ് കിരീടങ്ങളാണ് ഇന്ത്യയുടെ ഷെല്‍ഫിലുള്ളത്.

ഇപ്പോഴിതാ മറ്റൊരു രസകരമായ കാര്യമാണ് ഏറെ നേടുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ പഞ്ചാബ് കിങ്‌സിന്റെ സോഷ്യല്‍ മീഡിയയിലെ ആഘോഷമാണ് വേറിട്ടുനില്‍ക്കുന്നത്.

പഞ്ചാബ് കിങ്സ് തങ്ങളുടെ ഓഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ലോകകപ്പ് പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ആക്കിയിട്ടുള്ളത്.

എന്നാല്‍ ഐ.പി.എല്ലിലെ മറ്റു ടീമുകളൊന്നും തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പ്രൊഫൈല്‍ പിച്ചര്‍ മാറ്റിയിട്ടില്ല എന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ്. മറ്റു ടീമുകള്‍ ഒന്നും തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റാതെ പഞ്ചാബ് മാത്രം ഇന്ത്യയുടെ ലോകകപ്പ് വിജയം പ്രൊഫൈല്‍ ആക്കിയത് ഏറെ ശ്രെദ്ധ നേടുന്നു.

അതേസമയം ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത്, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Punjab Kings Celebration of India T20 World Cup Win

We use cookies to give you the best possible experience. Learn more