ഒരു മാറ്റവുമില്ല, 5-0; ധോണിയുടെ മഞ്ഞക്കടലിനെ നിശബ്ദമാക്കിയ പഞ്ചാബിന് റെക്കോഡ് നേട്ടം
Cricket
ഒരു മാറ്റവുമില്ല, 5-0; ധോണിയുടെ മഞ്ഞക്കടലിനെ നിശബ്ദമാക്കിയ പഞ്ചാബിന് റെക്കോഡ് നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd May 2024, 8:18 am

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് നാലാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബ് തകര്‍ത്തു വിട്ടത്.

ചെന്നൈയുടെ തട്ടകമായ ചെപ്പാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ മിന്നും വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും പഞ്ചാബിന് സാധിച്ചു. അവസാന അഞ്ച് മത്സരങ്ങളിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയിക്കുന്ന ടീമായി മാറാനാണ് പഞ്ചാബിന് സാധിച്ചത്.

48 പന്തില്‍ 62 റണ്‍സ് നേടിയ നായകന്‍ റിതുരാജ് ഗെയ്ക്വാദിന്റെ കരുത്തിലാണ് ചെന്നൈ മാന്യമായ സ്‌കോറിലേക്ക് നീങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും ആണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

പഞ്ചാബ് ബൗളിങ്ങില്‍ സ്പിന്നര്‍മാരായ രാഹുല്‍ ചഹര്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ചഹര്‍ നാലു ഓവറില്‍ 16 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റും ബ്രാര്‍ നാല് ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റും വീഴ്ത്തി. കാഗിസോ റബാദ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പഞ്ചാബിനായി ജോണി ബെയര്‍‌സ്റ്റോ 30 പന്തില്‍ 46 റണ്‍സും റില്ലി റൂസോ 23 പന്തില്‍ 43 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സന്ദര്‍ശകര്‍ നാലാം വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ പത്തു മത്സരങ്ങളില്‍ നിന്നും നാല് വിജയവും ആറ് തോല്‍വിയും അടക്കം എട്ട് പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു. മെയ് അഞ്ചിന് ചെന്നൈക്കെതിരെ തന്നെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ധര്‍മ്മശാലയിലാണ് മത്സരം നടക്കുക.

Content Highlight: Punjab Kings beat Chennai Super Kings