| Thursday, 17th November 2022, 8:33 am

അപ്പോള്‍ ഇനി ട്രോള്‍ ഉണ്ടാക്കാനും ഇംഗ്ലണ്ട് താരങ്ങളെ വലിച്ചുകീറാനും സ്‌പെഷ്യല്‍ ട്രെയ്‌നിങ്; കോച്ചിനെ പ്രഖ്യാപിച്ച് പഞ്ചാബ് കിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023 മുന്നോടിയായി പരിശീലകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിങ്‌സ്. മുന്‍ പരീശീലകനായ വസീം ജാഫറിനെയാണ് ടീമിന്റെ ബാറ്റിങ് കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്.

2020, 2021 സീസണുകളില്‍ വസീം ജാഫര്‍ തന്നെയായിരുന്നു ടീമിന്റെ ബാറ്റിങ് പരിശീലകന്‍. എന്നാല്‍ കഴിഞ്ഞ സീസണിന് മുന്നോടിയായി താരം പരിശീലകസ്ഥാനം ഒഴിയുകയായിരുന്നു.

ജാഫറിന് പുറമെ സപഹരിശീലകനെയും കിങ്‌സ് നിയമിച്ചിട്ടുണ്ട്. മുന്‍ ഓസീസ് സൂപ്പര്‍ താരം ബ്രാഡ് ഹാഡിനാണ് സഹപരിശീലകനായി ടീമിന്റെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനൊരുങ്ങുന്നത്.

ട്രെവര്‍ ബെയ്‌ലിസാണ് പഞ്ചാബിന്റെ പ്രധാന പരിശീലകന്‍. ചാള്‍ ലാങ്വെല്‍ഡാണ് ടീമിന്റെ ബൗളിങ് കോച്ചായി ചുമതലയേറ്റിരിക്കുന്നത്. ഇവരുടെ കീഴില്‍ പഞ്ചാബ് എത്രത്തോളം മികച്ച രീതിയില്‍ കളിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് വസീം ജാഫറിലേക്ക് ടീം വീണ്ടുമെത്തിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ പുലിയായിരുന്ന വസീം ജാഫര്‍ ടീമിലേക്കെത്തുന്നതോടെ പഞ്ചാബ് നിര ഒന്നുകൂടി കരുത്താകുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

അതോടൊപ്പം തന്നെ വസീം ജാഫറിന്റെ ട്രോളുകളും രസകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

വസീം ജാഫറിനെ ബാറ്റിങ് കോച്ചായി നിയമിച്ചുകൊണ്ടുള്ള ടീമിന്റെ ഒഫീഷ്യല്‍ പോസ്റ്റുകളും ട്രോളിന്റെ രൂപത്തിലാണ്.

കഴിഞ്ഞ സീസണിലെ ടീമിനെ ഒന്നാകെ ഉടച്ചുവാര്‍ത്താണ് പഞ്ചാബ് പുതിയ സീസണിനൊരുങ്ങുന്നത്. നായകന്‍ മായങ്ക് അഗര്‍വാളിനെ തന്നെ റിലീസ് ചെയ്തുകൊണ്ടായിരുന്നു പഞ്ചാബ് കിങ്‌സ് തുടങ്ങിയത്. ഇതിന് പുറമെ പല വമ്പന്‍ പേരുകാരും ടീമിന് പുറത്തായി.

ശിഖര്‍ ധവാനെ നായകനാക്കിയാണ് പഞ്ചബ് ഇത്തവണ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. 2007 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിരുന്നിട്ടും ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിക്കാത്ത മൂന്ന് ടീമുകളില്‍ ഒന്നാണ് പഞ്ചാബ്.

തന്റെ ദിവസത്തില്‍ ഇതിരാളികളെ ഒറ്റക്ക് നിലംപരിശാക്കാന്‍ സാധിക്കുന്ന കഗീസോ റബാദയാണ് പഞ്ചാബ് ടീമിലെ പ്രധാന ആകര്‍ഷണം.

ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (14 കോടി), വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഓഡിയന്‍ സ്മിത്ത് (6 കോടി) എന്നിവരെയടക്കം 9 താരങ്ങളെ റിലീസ് ചെയ്ത പഞ്ചാബ് കിങ്‌സ് പുതിയൊരു തുടക്കത്തിനാണ് ഒരുങ്ങുന്നത്.

ഇവര്‍ക്ക് പുറമെ വൈഭവ് അറോറ, ഇംഗ്ലണ്ട് താരം ബെന്നി ഹോവല്‍, ഇഷാന്‍ പോരല്‍, അന്‍ഷ് പട്ടേല്‍, പ്രേരക് മങ്കാദ്, സന്ദീപ് ശര്‍മ, റിത്വിക് ചാറ്റര്‍ജി എന്നിവരെയും പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയിട്ടുണ്ട്. 32.2 കോടി രൂപയാണ് നിലവില്‍ പഞ്ചാബിന്റെ ഓക്ഷന്‍ പേഴ്‌സ് ബാലന്‍സ്.

Content Highlight: Punjab Kings appoint Wasim Jaffer as batting coach

We use cookies to give you the best possible experience. Learn more