അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി
national news
അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th May 2022, 3:45 pm

പഞ്ചാബ് : അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.പിന്നാലെ വിജയ് സിംഗ്ലയെ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു.


10 ദിവസം മുമ്പ് മന്ത്രിക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ഒരുതരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു മുഖ്യമന്ത്രി സ്വന്തം കാബിനറ്റ് സഹപ്രവര്‍ത്തകനെതിരെ ഇത്തരത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നത്.

നേരത്തെ, ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ 2015-ല്‍ തന്റെ മന്ത്രിമാരില്‍ ഒരാളെ അഴിമതി ആരോപണത്തില്‍ പുറത്താക്കിയിരുന്നു.

സിംഗ്ലയുടെ അഴിമതിയെക്കുറിച്ച് തുറന്ന് പറഞ്ഞ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 10 ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. കൂടെ നില്‍ക്കുമെന്നും മന്ത്രിയെ ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥന് നേരിട്ട് ഉറപ്പ് നല്‍കി.

തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ സഹായത്തോടെ നടത്തിയ ഓപ്പറേഷനിലാണ് അഴിമതി തെളിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങള്‍ എ.എ.പി സര്‍ക്കാരിന് വോട്ട് ചെയ്തത്, നമ്മള്‍ അതിനനുസരിച്ച് ജീവിക്കണം, അരവിന്ദ് കെജ്രിവാളിനെ പോലൊരു മകനും ഭഗവന്ത് മന്നിനെ പോലെയുള്ള ഒരു സൈനികനും ഭാരത മാതാവ് ഉള്ളിടത്തോളം കാലം അഴിമതിക്കെതിരായ മഹത്തായ യുദ്ധം തുടരും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗ്ല തെറ്റുകള്‍ സമ്മതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് പാര്‍ട്ടി അറിയിച്ചു.

Content Highlights:Punjab Health Minister Vijay Singla of corruption