| Wednesday, 7th January 2015, 1:06 pm

ജയില്‍പുള്ളിയെ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവദിക്കണം: പഞ്ചാബ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ജയിലിലെ തടവുപുള്ളികള്‍ക്ക് നിയമപ്രകാരമുള്ള പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അവകാശമുണ്ടെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി.

പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നത് ജയില്‍പുള്ളിയുടെ മൗലിക അവകാശമാണ്. കുറ്റവാളികള്‍ക്ക് സന്താനങ്ങള്‍ക്കുവേണ്ടി പങ്കാളിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കോ കൃത്രിമ ബീജനസങ്കലനത്തിനോ അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

” സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് അക്കാദമിക് തലത്തിലും ബൗദ്ധികതലത്തിലും ചര്‍ച്ച നടക്കുന്ന, മൂന്നാം ലിംഗക്കാര്‍ക്ക് പരിഗണന നല്‍കണമെന്നു പറയുന്ന ഒരു സമൂഹത്തിന് ജയില്‍പുള്ളികള്‍ക്ക് ലൈംഗികയ്ക്കുവേണ്ടിയുള്ള സന്ദര്‍ശനം എന്ന ആശയത്തെ ഒഴിച്ചുനിര്‍ത്താനോ മറച്ചുപിടിക്കാനോ സാധ്യമല്ല.” കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് സൂര്യ കാന്തിന്റേതാണ് ഈ നിരീക്ഷണം. പാട്യാല സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ദമ്പതികളായ ജാവിര്‍ സിങ്ങിന്റെയും സോണിയയുടെയും അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഇവര്‍. സന്താനങ്ങള്‍ക്കുവേണ്ടി തങ്ങളെ വൈവാഹിക ബന്ധം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍ ജാവിറിന്റെയും സോണിയയുടെയും ആവശ്യം കോടതി അംഗീകരിച്ചില്ല. അവരുടെ കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ചാണിത്.

We use cookies to give you the best possible experience. Learn more