| Wednesday, 10th July 2024, 6:56 pm

കര്‍ഷക സമരം; അടച്ചുപൂട്ടിയ അതിര്‍ത്തികള്‍ തുറക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ശംഭു അതിര്‍ത്തി തുറക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒരാഴ്ചക്കകം അതിര്‍ത്തി തുറക്കണമെന്നാണ് ഉത്തരവ്. ദല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് തടയാന്‍ ശംഭു അതിര്‍ത്തിയില്‍ ഫെബ്രുവരിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.

അതിര്‍ത്തിയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി രണ്ട് സംസ്ഥാനങ്ങളും ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ് പ്രതാപ് സിങ് എന്നയാള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജി.എസ്. സന്ധാവാലിയ വികാസ് ബഹല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലേക്കുള്ള പൊതുഗതാഗതം അഞ്ച് മാസമായി തടസപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് കോടതിയുടെ നിര്‍ദേശം. അതിര്‍ത്തി തുറക്കുന്ന ദിവസങ്ങളിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ പഞ്ചാബ്-ഹരിയാന സര്‍ക്കാരുകള്‍ സംയുക്ത ഇടപെടല്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കരുത്, മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം തുടങ്ങിയ ആവശ്യങ്ങളുമായി പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് നടത്തിയ കര്‍ഷകരെ തടയാന്‍ അതിര്‍ത്തികള്‍ അടക്കുകയും ദല്‍ഹിയില്‍ കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്തു. പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ശംഭു അതിര്‍ത്തിയില്‍ അടക്കം നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തികളില്‍ നിലയുറച്ചത്. കര്‍ഷകരെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുന്നതിനായി ഹരിയാന സര്‍ക്കാര്‍ ബലം പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഗതാഗതം തടസപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതാപ് സിങ് പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തത്.

അതേസമയം സംസ്ഥാന അതിര്‍ത്തികളിലെ ധര്‍ണ കര്‍ഷകര്‍ അവസാനിപ്പിക്കുകയും ട്രക്കുകള്‍ റോഡുകളില്‍ നിന്ന് മാറ്റുകയും ചെയ്താല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്ന് നേരത്തെ കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Content Highlight: Punjab-Haryana High Court to open Shambhu border, which was closed due to farmers’ strike

We use cookies to give you the best possible experience. Learn more