സരബ്ജിത്ത് സിങ്ങിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി
India
സരബ്ജിത്ത് സിങ്ങിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2013, 12:37 am

[]ചണ്ഡീഗഡ്: പാക്കിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സരബ്ജിത്ത് സിങ്ങിന്റെ മകള്‍ക്കു പഞ്ചാബ് സര്‍ക്കാര്‍ ജോലി നല്‍കി. []

റവന്യു വകുപ്പില്‍ നായിബ് തഹസില്‍ദാര്‍ ആയാണ് 25കാരിയായ സ്വപന്‍ദീപ് കൗറിനെ നിയമിച്ചത്. ജോലി ഉത്തരവ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ജലന്തറില്‍ നടന്നയോഗത്തില്‍ കൈമാറി.

ഇന്ത്യക്കാരനായിപ്പോയതിന്റെ പേരില്‍ പാക്കിസ്ഥാന്‍ ജയിലില്‍ ഏറെ സഹിച്ച സരബ്ജിത് സിങ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നുവെന്ന് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.

സരബ്ജിത് സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം അനുവദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകളെ സ്‌കൂള്‍ അധ്യാപികയായി നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ 26ന് ലാഹോറിലെ കോട് ലഖ്പത് ജയിലില്‍, സഹതടവുകാരുടെ മര്‍ദ്ദനത്തില്‍ സരബ്ജിത്തിന് മാരകമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ലാഹോറിലെ ജിന്ന ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മെയ് രണ്ടിനാണ് ഇദ്ദേഹം മരിക്കുന്നത്

ഇന്ത്യക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നാരോപിച്ച്  1990 ആഗസ്റ്റിലാണ് സരബ്ജിത്തിനെ പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്തത്.