ചണ്ഡീഗഢ്: കേരളത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കനൊരുങ്ങി പഞ്ചാബ്. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട ആശങ്കളുയര്‍ത്തുന്ന ദേശീയ ജനസംഖ്യാ പട്ടികയിലെ ചില ഭാഗങ്ങളില്‍ ഭേദഗതി വരുത്തുന്നതിനാവശ്യമായ നടപടികളും പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളോടെ അത്തരത്തിലുള്ള പ്രമേയം പാസ്സാക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയിരുന്നു.
രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുക, എന്‍.പി.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുക, എന്‍.ആര്‍.സി ബഹിഷ്‌കരിക്കുക എന്നീ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ഇത് സംബന്ധിച്ച അന്തിമ തീരുമാനമറിയിക്കുമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചിരുന്നത്. നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ മറ്റ് അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ മതേതര സ്വഭാവത്തിനും തുല്യതയ്ക്കും എതിരാണെന്ന് പറയുന്ന പ്രമേയത്തില്‍ പൗരത്വം നല്‍കുന്നതില്‍ മതപരമായ വിവേചനത്തിന് പുറമേ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനവും നിയമത്തിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ് അധികാരത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാര്‍ എന്‍.പി.ആറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് 2019 ഒക്‌ടോബറില്‍ ഇറക്കിയ നോട്ടീസ് പിന്‍വലിക്കാനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്.
കൂടുതല്‍ സര്‍ക്കാരുകള്‍ പ്രമേയവുമായി മുന്നോട്ട് വരുന്നത് കേന്ദ്ര സര്‍ക്കാരിന് തലവേദനയാവുകയാണ്. കൂടാതെ ദല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത ദേശീയ ജനസംഖ്യാ പട്ടികയും സെന്‍സസും സംബന്ധിച്ച സുപ്രധാന യോഗം നടക്കുന്ന ദിവസം തന്നെയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം പാസാക്കുന്നതും.