ഛത്തീസ്ഗഢ്: വി.വി.ഐ.പികള്‍ക്ക് അവനുവദിച്ചിരുന്ന പ്രത്യേക സുരക്ഷ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. 420 വി.വി.ഐ.പി.കളുടെ സുരക്ഷയായിരിക്കും സര്‍ക്കാര്‍ പുന:സ്ഥാപിക്കുക. ജൂണ്‍ ഏഴ് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ മന്ത്രി ഒ.പി സോണി പഞ്ചാബ് ഹരിയാന കോടതിയില്‍ വിഷയവുമായി ബന്ധപ്പെട്ട് ഹരജി നല്‍കിയിരുന്നു.
സുരക്ഷ പുന:സ്ഥാപിക്കണമെന്ന ഹരജി പരിഗണിച്ച കോടതി ഉത്തരവിട്ടതോടെയാണ് സുരക്ഷാ നിയമങ്ങള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വി.വി.ഐ.പികള്‍ക്ക് ഒരുക്കിയിരുന്ന പ്രത്യേക സുരക്ഷ സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗായകനായ സിദ്ദു മുസേവാല വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സുരക്ഷാ ക്രമീകരണങ്ങള്‍ വെട്ടിക്കുറച്ചത് എന്തിനാണെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിന് ജൂണ്‍ ആറിന് നടക്കുന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വാര്‍ഷികത്തിന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണമെന്ന് എന്‍.ഡി.ടി.വി വ്യക്തമാക്കുന്നു.
അതേസമയം എ.എ.പി സര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
എ.എ.പി നാടകം കളിക്കുകയാണെന്നും വി.ഐ.പി സംസ്‌കാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സുരക്ഷ വെട്ടിക്കുറച്ചതെന്നത് സര്‍ക്കാര്‍ കോടതിയില്‍ നിന്നും ഒളിച്ചുവെച്ചെന്നും ബി.ജെ.പി പറഞ്ഞു. എ.എ.പിയുടെ കാപട്യത്തോട് പഞ്ചാബിലെ ജനങ്ങള്‍ ക്ഷമിക്കില്ലെന്നും ബി.ജെ.പി ആരോപിച്ചു.
സിദ്ദുവിന്റെ കൊലപാതകം അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷനെ മാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗായകനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടാ വൈരാഗ്യമാണെന്നാണ് പഞ്ചാബ് പൊലീസിന്റെ വാദം.
ദിവസങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസവാലയെ ആക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ച് കാറില്‍ സഞ്ചരിക്കുന്നതിനിടെ സംഘം വെടിവെക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിദ്ദു കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.
2022 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്‍സയില്‍ നിന്നും മത്സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ വിജയ് സിംഗ്ലയോട്
പരാജയപ്പെട്ടിരുന്നു.