| Monday, 2nd July 2018, 9:40 pm

മയക്കുമരുന്ന് കടത്തുകാര്‍ക്ക് വധശിക്ഷയെന്ന നിര്‍ദേശവുമായി പഞ്ചാബ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചാബ്: മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍. മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

മയക്കുമരുന്ന് വില്‍പ്പന തലമുറകളെ നശിപ്പിക്കുമെന്നും അതിനാല്‍ പരമാവധി ശിക്ഷ തന്നെ കുറ്റവാളികള്‍ക്ക് നല്‍കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് മുക്ത പഞ്ചാബെന്ന ലക്ഷ്യത്തിനായാണ് താന്‍ നിലകൊള്ളുന്നതെന്ന് അമരീന്ദ് സിംഗ് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.


Also Read:  ആഷിക് അബു ആറ്‌ നുണകള്‍ പറഞ്ഞു: ഫെഫ്ക


മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ പുരോഗതിയും മയക്കുമരുന്ന് നിവാരണ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തത്.

അമിത മയക്കുമരുന്ന് ഉയോഗത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ പഞ്ചാബില്‍ അടുത്ത കാലങ്ങളിലായി മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കും എന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.


Also Read:  നെയ്മറും ഫിര്‍മിനോയും വലകുലുക്കി; മെക്സിക്കോയെ തകര്‍ത്ത് കാനറികള്‍ ക്വാര്‍ട്ടറില്‍


ഇത് പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടിയും ശിരോമണി അകാലിദളും നിരന്തരം വിമര്‍ശിക്കുന്നതിനിടെയാണ് മയക്കുമരുന്ന് കടത്തുകാര്‍ക്ക് വധശിക്ഷയെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more