| Monday, 25th April 2022, 7:17 am

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്‍ധന; അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: സര്‍ക്കാര്‍ ഉത്തരവില്ലാതെ ഫീസ് വര്‍ധിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. 720ഓളം വരുന്ന സ്‌കൂളുകള്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

രക്ഷിതാക്കളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. സ്‌കൂളുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ഗുര്‍മീത് സിങ് മീത് ഹയര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

720 സ്‌കൂളുകളില്‍ കര്‍ശന പരിശോധന നടത്തുമെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതി ശരിയാണെങ്കില്‍ സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധനവിനെ കുറിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന അതേ സ്റ്റേഷനറി കടകളില്‍ നിന്ന് മാത്രമേ പുസ്തകങ്ങളും യൂണിഫോമും വാങ്ങിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിരെ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്ത് മികച്ച അടിസ്ഥാന വിദ്യാഭ്യാസമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് മല്‍വിന്ദര്‍ സിങ് കാങ് വ്യക്തമാക്കി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഫീസ് ഈടാക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Punjab Government Orders Probe Against 720 Private Schools Over Fee Hike

We use cookies to give you the best possible experience. Learn more