ദല്‍ഹി പൊലീസിനെ പഞ്ചാബ് നേരിടും; കര്‍ഷകര്‍ക്ക് വേണ്ടി 70 അഭിഭാഷകരുടെ സംഘം ദല്‍ഹിയില്‍; ഒപ്പമുണ്ടാകുമെന്ന് അമരീന്ദര്‍
farmers protest
ദല്‍ഹി പൊലീസിനെ പഞ്ചാബ് നേരിടും; കര്‍ഷകര്‍ക്ക് വേണ്ടി 70 അഭിഭാഷകരുടെ സംഘം ദല്‍ഹിയില്‍; ഒപ്പമുണ്ടാകുമെന്ന് അമരീന്ദര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd February 2021, 9:33 am

അമൃത്സര്‍: ദല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ദല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമരീന്ദര്‍ സിംഗ് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ വലിയ രീതിയിലുള്ള തയ്യാറെടുപ്പാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷക പ്രതിഷേധത്തെ നേരിടാന്‍ ദല്‍ഹി പൊലീസ് സേനയില്‍ പുതിയ മാറ്റം വരുത്തിയിരുന്നു. കര്‍ഷകരെ തടയാനായി വാളുകളും ഷീല്‍ഡുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ വാളുകളും വടികളും ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നതെന്ന് പറഞ്ഞാണ് പുതിയ തീരുമാനം.

പ്രതിഷേധക്കാരെ പൊലീസുകാരില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന രീതിയിലാണ് വാളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ വാളുകളെക്കാള്‍ ഇരട്ടി നീളമുള്ളവയാണ് ഇവ.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Punjab Government has already arranged a team of 70 lawyers in Delhi to ensure quick legal recourse to farmers