പട്യാല: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ പോവുന്നില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസോ ആം ആദ്മി പാര്‍ട്ടിയോ പഞ്ചാബില്‍ അധികാരത്തിലെത്തില്ലെന്നും ബി.ജെ.പി സഖ്യം പഞ്ചാബ് ഭരിക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.
താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ പോവുന്നില്ലെന്നും, പഞ്ചാബിനെയും രാജ്യത്തെയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥലമാക്കാനുള്ള ത്വരയാണ് തന്നെ ഈ പ്രായത്തിലും മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ വിരമിക്കാന്‍ ഒരുക്കമല്ല. എനിക്ക് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. ഇതെന്റെ ഒന്‍പതാമത് തെരഞ്ഞെടുപ്പാണ്. ഞാന്‍ ആറ് തവണ നിയമസഭയിലേക്കും രണ്ട് തവണ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്,’ അമരീന്ദര്‍ പറയുന്നു.
ഇത്തവണ പഞ്ചാബില്‍ ഒരു പാര്‍ട്ടിക്കും തെരഞ്ഞെടുപ്പ് എളുപ്പമാകില്ലെന്നും, നാലോ അഞ്ചോ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ഓരോ മണ്ഡലത്തിലും മത്സരരംഗത്തുണ്ടെന്നും, ചില സ്ഥലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ശക്തമായ സാന്നിധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരുപാട് പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ടാവുമ്പോള്‍ തങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് ജനങ്ങള്‍ക്ക് എളുപ്പം മനസിലാവും, എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ ശക്തമായ പ്രകടനം നടത്തിയില്ലെങ്കില്‍ അവര്‍ താഴോട്ട് പോവുമെന്നുറപ്പാണ്. പതിനഞ്ചില്‍ കൂടുതല്‍ സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും ലഭിക്കാന്‍ സാധ്യതയില്ല.
ആളുകളിപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് ധാരാളം സംസാരിക്കുന്നു. എന്നാല്‍ എന്റെ വിലയിരുത്തലില്‍ അവര്‍ താഴോട്ട് പോവുകയാണ്, കോണ്‍ഗ്രസും അങ്ങനെ തന്നെ. എന്നാല്‍ ദൈവാനുഗ്രഹമുള്ളതുകൊണ്ട് ഞങ്ങള്‍ മുകളിലേക്ക് മാത്രമാണ് പോവുന്നത്,’ അമരീന്ദര്‍ സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും എന്നാല്‍ തനിക്ക് ഇത്തരത്തിലുള്ള ജാതി രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു.
‘ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് വോട്ടുവാങ്ങുന്നത് എനിക്ക് ഇഷ്ടമല്ല. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 75 വര്‍ഷം കഴിഞ്ഞില്ലേ, നമ്മള്‍ ഒരാളുടെ കഴിവിനെ അംഗീകരിച്ചാണ് വോട്ട് ചെയ്യേണ്ടത് അല്ലാതെ അവരുടെ ജാതിയും മതവും നോക്കിയല്ല.
ചരണ്‍ജിത് ചന്നിയുടെ കഴിവനുസരിച്ച് അയാള്‍ക്ക് ഒരു മന്ത്രിയാവാം, എന്നാല്‍ മുഖ്യമന്ത്രിയാവാന്‍ യോഗ്യനല്ല. അയാളുടെ ആസ്തി കോടികളാണ്. എന്നാല്‍ താന്‍ പാവപ്പെട്ടവനാണെന്നാണ് അയാള്‍ നടിക്കുന്നത്, ‘ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമരീന്ദര്‍ പറഞ്ഞു.
പഞ്ചാബിന്റെ നന്‍മയ്ക്ക് വേണ്ടിയാണ് താന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതെന്നും, തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയാര് എന്ന കാര്യം ചര്‍ച്ച ചെയ്യുകയുള്ളൂ എന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനുമായി 600 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബെന്നും, സംസ്ഥാനത്തിന്റെ സുരക്ഷയെ കരുതിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.