അമൃത്സര്‍: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്തിയില്ലായിരുന്നെങ്കില്‍ കര്‍ഷകര്‍ കൊടിയ ദുരിതമനുഭവിക്കേണ്ടി വരുമായിരുന്നെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദല്‍. കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാടുഡേ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കാര്‍ഷിക നിയമത്തില്‍ ഞങ്ങള്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. അത് ഞങ്ങള്‍ ചെയ്തിട്ടില്ലായിരുന്നെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ കൊടിയ ദുരിതത്തിലാകുന്നതിനൊപ്പം സംസ്ഥാനത്തെ സാമ്പത്തിക വ്യവസ്ഥയും തകര്‍ന്നടിഞ്ഞേനെ. അതിനാല്‍ നിയമം ഭേദഗതി ചെയ്യാനുള്ള അവകാശത്തെ പൂര്‍ണമായും ഞങ്ങള്‍ വിനിയോഗിക്കും,’ മന്‍പ്രീത് ബാദല്‍ പറഞ്ഞു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ അന്യായമാണെന്ന് ചൂണ്ടിക്കാണിച്ച ധനമന്ത്രി സംസ്ഥാനത്ത് കോണ്‍ഗ്രസിനൊപ്പം പ്രതിപക്ഷമായ അകാലിദളും ആം ആദ്മി പാര്‍ട്ടിയും ഈ നിയമങ്ങളെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മാന്ത്രികത’ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നടപ്പാക്കുമ്പോള്‍ എന്തുകൊണ്ടാണ് അത് പഞ്ചാബില്‍ മാത്രം നടക്കാത്തത്? പഞ്ചാബികള്‍ക്ക് ഒരു അന്യായത്തിനോട് എങ്ങനെ പ്രതികരിക്കണമെന്ന് കൃത്യമായിട്ട് അറിയാം എന്നുള്ളത് കൊണ്ടാണ് അത്. രാജ്യത്ത് കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ അന്യായമാണ്,’ മന്‍പ്രീത് ബാദല്‍ പറഞ്ഞു.
കാര്‍ഷിക നിയമത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരുമായി ഒരു യുദ്ധമല്ല ഞങ്ങളുടെ ഉദ്ദേശം. പകരം കേന്ദ്രസര്‍ക്കാരിന് തെറ്റ് തിരുത്താനുള്ള ഒരു അവസരം നല്‍കുകയാണ് തങ്ങളെന്നും മന്‍പ്രീത് സിംഗ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുന്നത്. ഏകകണ്ഠമായാണ് നിയമസഭയില്‍ പ്രമേയം പാസാക്കിയത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും അതിനെ പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രമേയം അവതരിപ്പിക്കവെ പറഞ്ഞു.
പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അമരീന്ദര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പു വെച്ചതിന് പിന്നാലെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.
സെപ്തംബര്‍ 20നാണ് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുകയും വലിയ കര്‍ഷക പ്രക്ഷോഭമായി മാറുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക