| Monday, 5th August 2024, 6:42 pm

ആസ്റ്റൺ വില്ലയെയും എവർട്ടണിനെയും വീഴ്ത്തി പഞ്ചാബ് എഫ്.സി; ചരിത്രമെഴുതി ഇന്ത്യൻ സൂപ്പർ ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 നെക്സ്റ്റ് ജെന്‍ കപ്പില്‍ പഞ്ചാബ് എഫ്.സിക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ അണ്ടര്‍ 18 ടീമിനെയാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബ് വീഴ്ത്തിയത്.

മത്സരം തുടങ്ങി 13ാം മിനിട്ടില്‍ തന്നെ മംഗ്ലെതാങ് കിപ്‌ജെനിലൂടെ പഞ്ചാബ് മുന്നിലെത്തുകയായിരുന്നു. തുടക്കത്തില്‍ തന്നെ ലീഡ് നേടിയ ആത്മവിശ്വാസവുമായി പന്ത് തട്ടിയ പഞ്ചാബ് 20 മിനിട്ടുകള്‍ക്ക് ശേഷം വീണ്ടും മുന്നിലെത്തി. 35ാം മിനിട്ടില്‍ ഒമാങ് ഡോഡോയിലൂടെയാണ് താരം ഗോള്‍ നേടിയത്. ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

ഒടുവില്‍ ആദ്യപകുതിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പഞ്ചാബ് മുന്നിട്ടുനിന്നു. ഗോള്‍ തിരിച്ചടിക്കാന്‍ ആസ്റ്റണ്‍ വില്ല മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പഞ്ചാബിന്റെ പ്രതിരോധം കരുത്തുറ്റതായി നില്‍ക്കുകയായിരുന്നു.

നേരത്തെ എവര്‍ട്ടണിനെയും പഞ്ചാബ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയ്ക്ക് പുറത്ത് ഒരു പ്രീമിയര്‍ ലീഗ് യൂത്ത് ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന നേട്ടം പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ മണ്ണില്‍ ഈ വിജയം കൂടി നേടിയതോടെ മറ്റൊരു ചരിത്ര നേട്ടവും പഞ്ചാബ് സ്വന്തമാക്കി.

സ്വന്തം തട്ടകത്തിലും വിദേശത്തും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിനെ തോല്‍പ്പിക്കുന്ന ഇന്ത്യന്‍ ടീമെന്ന നേട്ടവും പഞ്ചാബ് സ്വന്തമാക്കി. രണ്ട് വിജയത്തോടെ മൂന്നാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ടീമിന്റെ മികച്ച പ്രകടനങ്ങളില്‍ പഞ്ചാബ് പരിശീലകന്‍ ശങ്കര്‍ലാല്‍ ചക്രവര്‍ത്തി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

‘ഓരോ മത്സരം കഴിയുംതോറും ഞങ്ങളുടെ താരങ്ങള്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ടീമിന്റെ ഈ ജയം അവരുടെ കഴിവുകളെ കൂടുതല്‍ മികച്ചതാക്കാനും ഒരു ടീമെന്ന നിലയില്‍ വ്യക്തിഗതവും കൂട്ടായതുമായ തലങ്ങളില്‍ കളിക്കാരെ സഹായിക്കുകയും ചെയ്യുന്നു,’ പഞ്ചാബ് എഫ്.സിയുടെ പരിശീലകന്‍ പറഞ്ഞു.

Content Highlight: Punjab FC Beat Aston Villa and Everton

We use cookies to give you the best possible experience. Learn more