ജിയോ സിമ്മുകള്‍ പൊട്ടിച്ചെറിഞ്ഞും കത്തിച്ചും കര്‍ഷകരുടെ പ്രതിഷേധം; അംബാനിയുടെ പെട്രോള്‍ പമ്പുകള്‍ ബഹിഷ്‌ക്കരിക്കാനും ആഹ്വാനം
national news
ജിയോ സിമ്മുകള്‍ പൊട്ടിച്ചെറിഞ്ഞും കത്തിച്ചും കര്‍ഷകരുടെ പ്രതിഷേധം; അംബാനിയുടെ പെട്രോള്‍ പമ്പുകള്‍ ബഹിഷ്‌ക്കരിക്കാനും ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd October 2020, 3:04 pm

ദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ റിലയന്‍സ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും കര്‍ഷകരുടെ പ്രതിഷേധം. പഞ്ചാബിലെ കര്‍ഷകരാണ് സിം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച്. നേരത്തെ സിം കത്തിക്കുകയും ചെയ്തിരുന്നു.

കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചുകളഞ്ഞ് പ്രതിഷേധേിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാംപയിനില്‍, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചിരുന്നു. റിലയന്‍സ് പമ്പുകളില്‍ നിന്ന് പെട്രോള്‍/ ഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

കാര്‍ഷിക നിയമങ്ങളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് പാര്‍ലമെന്റ് ചട്ടങ്ങള്‍ പാലിച്ചാണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൊളിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനായി മനഃപൂര്‍വം സമയം നീട്ടിനല്‍കുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെ ഭാരത ബന്ദ് നടത്തിയിരുന്നു.

സെപ്തംബര്‍ 20 നാണ് രാജ്യസഭയില്‍ കാര്‍ഷികബില്ല് പാസാക്കിയത്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവ പാസാക്കിയത്.

കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെപ്റ്റംബര്‍ 27ന് കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: SIM Satyagrah: Punjab farmers destroy Reliance Jio SIM cards in protest against corporates over farm laws