മാര്‍ച്ച് 10 ല്‍ ഭയന്ന് കോണ്‍ഗ്രസും ആംആദ്മിയും; പഞ്ചാബില്‍ മറുകണ്ടംചാട്ടം തടയാന്‍ പദ്ധതികള്‍
Punjab Assembly Polls 2022
മാര്‍ച്ച് 10 ല്‍ ഭയന്ന് കോണ്‍ഗ്രസും ആംആദ്മിയും; പഞ്ചാബില്‍ മറുകണ്ടംചാട്ടം തടയാന്‍ പദ്ധതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th March 2022, 11:09 am

ന്യൂദല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അണിയറയില്‍ പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസും ആംആദ്മിയും. ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂറുമാറ്റം ഉണ്ടായേക്കുമെന്ന പേടിയിലാണ് ഇരുപാര്‍ട്ടികളും.

തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ തൊട്ടുപിന്നാലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരെ പഞ്ചാബില്‍ നിന്നും മാറ്റാനുള്ള പദ്ധതി കോണ്‍ഗ്രസും ആംആദ്മിയും നടത്തുന്നതായാണ് സൂചന.

മാര്‍ച്ച് 10 നാണ് നിയമസഭാ ഫലം പ്രഖ്യാപിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ നിയമസഭാംഗങ്ങളെ പഞ്ചാബില്‍ നിന്ന് രാജസ്ഥാനിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. പാര്‍ട്ടി എം.എല്‍.എമാരെ ദല്‍ഹിയിലേക്ക് മാറ്റാനാണ് ആംആദ്മിയുടെ നീക്കം.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുപാര്‍ട്ടികളും. എന്നാല്‍ തൂക്കുസഭയാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകള്‍.

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍, അകാലിദളും മുന്‍ സഖ്യമായ ബി.ജെ.പിയും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും ആവശ്യമായ സംഖ്യയില്‍ കുറവുണ്ടായാല്‍ കോണ്‍ഗ്രസിന്റെയും എ.എ.പിയുടെയും നിയമസഭാംഗങ്ങളെ കൂറുമാറ്റുമെന്ന ആശങ്കയുണ്ടെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 

 

Content Highlights: Punjab Election