| Tuesday, 28th December 2021, 9:08 am

കണക്കുപിഴയ്ക്കാതെ കന്നിയങ്കം; ബി.ജെ.പിയെ തൂത്തെറിഞ്ഞ് ആംആദ്മി; പഞ്ചാബില്‍ മാറിമറിയുന്ന ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. കന്നിയങ്കത്തില്‍ ലഭിച്ച മികച്ച വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടിയായാണ് ആംആദ്മി കണക്കാക്കുന്നത്.

ബി.ജെ.പിയെ പിന്നിലാക്കിക്കൊണ്ടുള്ള ആംആദ്മിയുടെ വിജയം തീര്‍ച്ചയായും തള്ളിക്കളയാന്‍ പറ്റുന്ന ഒന്നല്ല.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ആംആദ്മി പാര്‍ട്ടിക്ക് ആകെയുള്ള 35 സീറ്റുകളില്‍ 14 സീറ്റുകള്‍ ലഭിച്ചു. ബി.ജെ.പി 12 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് ഇടങ്ങളിലുമാണ് ജയിച്ചത്. ശിരോമണി അകാലിദള്‍ ഒരിടത്തും ജയിച്ചു.

ബി.ജെ.പിയുടെ മുന്‍ മേയര്‍മാരായ രവികാന്ത് ശര്‍മ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിലവില്‍ ഭരിച്ചിരുന്നത് ബി.ജെ.പിയായിരുന്നു. അവിടെ നിന്നാണ് ആംആദ്മി ഏറ്റവും വലിയ ഒറ്റ കക്ഷിയായത്.

വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചന എന്നാണ് വിജയത്തിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ് രിവാള്‍ പറഞ്ഞത്.

ബി.ജെ.പിയോട് എതിര്‍ത്തുനില്‍ക്കാന്‍ പോലുമാവാതെ കോണ്‍ഗ്രസ് ദയനീയാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ആദ്യമായി മത്സരിച്ച് ആംആദ്മി ബി.ജെ.പിക്ക് കനത്ത പ്രഹരം നല്‍കിയത്.

ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ വലിയ പ്രയാസമില്ലാതെ ജയിച്ചുകയറാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചതും ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് സഹകരിച്ചുനില്‍ക്കാനുള്ള അമരീന്ദറിന്റെ തീരുമാനം കൂടിയായപ്പോള്‍ ബി.ജെ.പിയുടെ പ്രതീക്ഷ ഇരട്ടിച്ചു.

എന്നാല്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ പ്രതീക്ഷയ്ക്ക് ചെറുതല്ലാത്ത മങ്ങലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlightsl: Punjab Election, BJP AAP, Congress

We use cookies to give you the best possible experience. Learn more