പഞ്ചാബ് എഫക്ട്; മുന്‍ മന്ത്രിമാരടക്കം നിരവധി ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ ആപ്പില്‍
national news
പഞ്ചാബ് എഫക്ട്; മുന്‍ മന്ത്രിമാരടക്കം നിരവധി ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ ആപ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th March 2022, 4:15 pm

ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ലാന്‍ഡ് സ്ലൈഡ് വിക്ടറിക്ക് പിന്നാലെ മറ്റുപാര്‍ട്ടികളില്‍ നിന്നും എ.എപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. ഹരിയാനയിലെ ബി.ജെ.പി കോണ്‍ഗ്രസ് ബി.ജെ.പി പാര്‍ട്ടികളില്‍ നിന്നുമാണ് എ.എ.പിയിലേക്ക് നേതാക്കളെത്തുന്നത്.

മുന്‍ എം.എല്‍.എമാര്‍ അടക്കം പാര്‍ട്ടി വിട്ട് ആപ്പിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ബി.ജെ.പിയുടെ മുന്‍ ഗുരുഗ്രാം എ.എല്‍.എ ഉമേഷ് അഗര്‍വാള്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രി ബിജേന്ദ്ര സിംഗ് തുടങ്ങിയവര്‍ എ.എ.പിക്കൊപ്പം ചേര്‍ന്നവരില്‍ പ്രമുഖരാണ്.

ഐ.എല്‍.എല്‍.ഡി നേതാവും മുന്‍ ഹരിയാന മന്ത്രിയുമായ ബാബിര്‍ സിംഗ് സൈനിയും എ.എ.പിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ബി.എസ്.പിയടക്കമുള്ള പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ എ.എ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ട്.

ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍, പാര്‍ട്ടിയുടെ രാജ്യസഭാ എം.പി സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത, പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ എ.എ.പിയില്‍ അംഗത്വമെടുത്തിരിക്കുന്നകത്.

‘പഞ്ചാബ് തെരഞ്ഞെടുപ്പിന് ശേഷം രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഒരു മാറ്റം കൊതിക്കുന്നുണ്ട്. പഞ്ചാബിനും ദല്‍ഹിക്കുമിടയിലുള്ള ഹരിയാനയും ആ മാറ്റം കൊതിക്കുന്നുണ്ട്.

പ്രാദേശിക വാദത്തിനും ജാതി-മതം എന്നിവയ്ക്കതീകമായ തൊഴിലാളി വര്‍ഗ രാഷ്ട്രീയമാണ് ദല്‍ഹിയിലെ ജനങ്ങളെ പോലെ പഞ്ചാബിലെ ജനങ്ങളും ആഗ്രഹിച്ചത്. ഹരിയാനയില്‍ പാര്‍ട്ടി വളര്‍ന്നുകൊണ്ടിരിക്കുകയാണ്,’ സുശീല്‍ ഗുപ്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്‍ കാലങ്ങളില്‍ എം.എല്‍.എമാരായ നേതാക്കള്‍ എ.എ.പിക്കൊപ്പം ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു സത്യേന്ദര്‍ ജെയ്‌നിന്റെ അഭിപ്രായം.

‘ഇവിടെ എത്രയും പെട്ടന്ന് തന്നെ തെരഞ്ഞെടുപ്പ് നടത്താനും ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാനനുവദിക്കണമെന്നുമാണ് ഹരിയാനയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. പഞ്ചാബിനും ദല്‍ഹിക്കും ശേഷം ഈ മാറ്റം രാജ്യമെമ്പാടും അലയടിക്കും,’ ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

സാധ്യമല്ലാത്ത പല കാര്യങ്ങളും സാധിക്കുമെന്നും, ദല്‍ഹി അതിന് ഏറ്റവും മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമായിരുന്നു ആം ആദ്മി പാര്‍ട്ടി കാഴ്ചവെച്ചത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും മുന്‍നിരയിലേക്ക് വരാന്‍ സാധിക്കാതെ ഒതുങ്ങിപ്പോയപ്പോള്‍, പഞ്ചാബില്‍ വിജയം തൂത്തെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശിരോമണി അകാലി ദളിന്റെയും വോട്ടുബാങ്കുള്‍ ഭിന്നിപ്പിച്ചാണ് പാര്‍ട്ടി അധികാരത്തിലേറിയിരിക്കുന്നത്.

117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയിലെ 92 സീറ്റും സ്വന്തമാക്കിയായിരുന്നു എ.എ.പി കരുത്തുകാട്ടിയത്.

 

 

Content Highlight: Punjab effect: Several BJP, Congress leaders from Haryana join AAP