അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാകുന്നു. സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ തുറന്നുപോര് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
എന്ത് വില കൊടുത്തും സിദ്ദു മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത് തടയുമെന്ന് അമരീന്ദര്‍ പറഞ്ഞു. സിദ്ദു സംസ്ഥാനത്തിന് തന്നെ വലിയ വിപത്താണെന്നാണ് അമരീന്ദര്‍ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നത്. അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ രാജിവെക്കുന്നത്.
അമരീന്ദറും സിദ്ദുവും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായവ്യത്യാസം ഉണ്ട്. അമരീന്ദറിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷനാക്കിയത്.