| Saturday, 14th August 2021, 6:04 pm

ഒന്നുകില്‍ രണ്ട് ഡോസ് വാക്‌സിന്‍ അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; സംസ്ഥാനത്ത് പ്രവേശിക്കാനുള്ള മാര്‍ഗനിര്‍ദേശം പുതുക്കി പഞ്ചാബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ സംസ്ഥാനത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അയല്‍സംസ്ഥാനമായ ഹിമാചലില്‍ നിന്നും ജമ്മുവില്‍ നിന്നുമുള്ളവരെ കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഴുവനായും വാക്സിന്‍ സ്വീകരിച്ചിട്ടുള്ള അധ്യാപകരും അനധ്യാപകരും മാത്രമേ ജോലിയില്‍ പ്രവേശിക്കാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പ്രത്യേക ക്യാംപുകളില്‍ നിന്നും വാക്സിന്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതോടൊപ്പം സ്‌കൂള്‍ ജീവനക്കാര്‍ക്കായി രണ്ട് ഡോസ് വാക്‌സിനുകള്‍ക്കിടയിലെ സമയപരിധി കുറയ്ക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണ്. പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിന്ന് പ്രതിദിനം കുറഞ്ഞത് 10,000 സാംപിളുകളുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പഞ്ചാബില്‍ ദിവസവും 0.2 ശതമാനമാണ് പ്രതിദിന കൊവിഡ് കേസുകളിലെ വര്‍ധനവ്. ഇത് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കാരണമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

വെള്ളിയാഴ്ച പഞ്ചാബില്‍ 88 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം ഏകദേശം ആറ് ലക്ഷമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,667 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Punjab Covid Protocol 2 Dose Vaccine

We use cookies to give you the best possible experience. Learn more