| Monday, 15th May 2023, 2:46 pm

ബജ്‌റംഗ്ദള്‍ അപകീര്‍ത്തി കേസില്‍ ഖാര്‍ഗെക്ക് സമന്‍സ് അയച്ച് പഞ്ചാബ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് ബജ്‌റംഗ്ദളിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സമന്‍സ് അയച്ച് പഞ്ചാബ് കോടതി. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകന്‍ ഹിതേഷ് ഭര്‍ദ്വാജ് നല്‍കിയ 100 കോടിയുടെ മാനനഷ്ട കേസിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.

അടുത്തിടെ നടന്ന കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ബജ്‌റംഗ്ദളിനെ ദേശീയ വിരുദ്ധ സംഘടനകളായ അല്‍ഖ്വയ്ദ, സിമി എന്നിവയോട് താരതമ്യം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്നും പ്രകടന പത്രികയില്‍ ഉളളതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ പത്താം പേജില്‍ ബജ്‌റംഗ്ദളിനെ ദേശീയ വിരുദ്ധ സംഘടനകളുമായി താരതമ്യപ്പെടുത്തിയതും, തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് കോടതിയെ സമീപിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനെ ഉദ്ധരിച്ച് ഭര്‍ദ്വാജ് പറഞ്ഞു.

ജൂലൈ 10ന് സാങ്രൂരിലെ കോടതിയില്‍ ഹാജരാകാനാണ് സിവില്‍ ജഡ്ജി രമണ്‍ദീപ് കൗര്‍ ഖാര്‍ഗെയോട് നിര്‍ദേശിച്ചിരിക്കുന്നത്.

വിശ്വ ഹിന്ദു പരിഷത്തിന്റെ ചണ്ഡീഗഡ് യൂണിറ്റും അതിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദളും ഖാര്‍ഗെക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മെയ് പത്തിന് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ കര്‍ണാടകയില്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി നടപ്പാക്കിയ എല്ലാ ജനവിരുദ്ധ നിയമങ്ങളും റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷം പടര്‍ത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കടുത്ത നിലപാടെടുക്കും. ബജ്റംഗ്ദള്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടന നിരോധിക്കുന്നത് ഉള്‍പ്പെടെയുളള നിയമാനുസൃതമായ നടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.

‘ഭരണഘടന പവിത്രമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് വ്യക്തികള്‍ക്കോ ബജ്‌റംഗ്ദള്‍, പി.എഫ്.ഐ പോലുളള സംഘടനകള്‍ക്കോ മറ്റു വിദ്വേഷം പടര്‍ത്തുന്നവര്‍ക്കോ ഭൂരിപക്ഷത്തിനോ ന്യൂനപക്ഷത്തിനോ ലംഘിക്കാനുള്ളതല്ല’ പത്രികയില്‍ പറയുന്നു.

Contenthighlight: Punjab court summoned Mallikarjun Kharge in defamation case

We use cookies to give you the best possible experience. Learn more