ചണ്ഡിഗഢ്: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍, പ്രചരണത്തിനായി പുതുവഴികളുമായി കോണ്‍ഗ്രസ്. റാലികള്‍ക്കും റോഡ്‌ഷോകള്‍ക്കും വീടുകള്‍ തോറുമുള്ള ക്യാമ്പെയ്‌നുകള്‍ക്കും കൊവിഡ് ഭീഷണിയായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മാര്‍വെല്‍ യൂണിവേഴ്‌സില്‍ നിന്നുമാണ് രാഷ്ട്രീയനേതാക്കള്‍ ഇത്തവണ തെരഞ്ഞെടുപ്പിനെത്തുന്നത് എന്ന പ്രതീതി സൃഷ്ടിക്കുന്ന വീഡിയോ ആണ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും അവര്‍ പങ്കുവെച്ചിരിക്കുന്നത്.
‘പഞ്ചാബിന്റെയും അവിടുത്തെ ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ദുഷ്ടശക്തികളില്‍ നിന്നും പ്രിയപ്പെട്ട പഞ്ചാബിനെ വീണ്ടെടുക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും,’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
മാര്‍വെല്‍ കോമിക്‌സിന്റെ, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന സിനിമയില്‍ നിന്നുള്ള ആക്ഷന്‍ രംഗങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ‘തല വെട്ടി ഒട്ടിച്ചാണ്’ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.
വീഡിയോയില്‍ തോറായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും ക്യാപ്റ്റന്‍ അമേരിക്കയായി നവ്‌ജ്യോത് സിംഗ് സിദ്ദുവും ഹള്‍ക്ക് ബസ്റ്റര്‍ സ്യൂട്ടില്‍ രാഹുല്‍ ഗാന്ധിയുമാണുള്ളത്. ഇതു കൂടാതെ മോദി, കെജ്‌രിവാള്‍, അമരീന്ദര്‍ തുടങ്ങിയവര്‍ വീഡിയോയില്‍ ‘അടിവാങ്ങി കൂട്ടുന്നുണ്ട്’.
മാര്‍വെല്‍ കോമിക്‌സിനും അവഞ്ചര്‍ സീരീസിനും ഇന്ത്യയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വലിയ ഫാന്‍ബേസാണുള്ളത്. യുവാക്കളെ ആകര്‍ഷിക്കാനുള്ള ഇത്തരം തന്ത്രങ്ങള്‍ വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
കോണ്‍ഗ്രസ് മാത്രമല്ല ഇത്തരത്തിലുള്ള വീഡിയോ പുറത്തിറക്കുന്നത്. കഴിഞ്ഞ ആഴ്ച ആം ആദ്മി പാര്‍ട്ടി ‘മസ്ത് ഖലന്തര്‍’ എന്ന പാട്ടില്‍ തങ്ങളുടെ നേതാക്കളുടെ തല വെട്ടി ഒട്ടിച്ച വീഡിയോ ഇറക്കിയിരുന്നു.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബില്‍ ഭരണം നിലനിര്‍ത്താനും മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍ണായകശക്തിയാവാനുമാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമെ ആം ആദ്മി പാര്‍ട്ടിയും കര്‍ഷക നേതാക്കളുടെ സംയുക്ത സമാജ് മോര്‍ച്ചയും മത്സരരംഗത്തുണ്ട്. ഇതോടെ ശക്തമായ ചതുഷ്‌കോണ മത്സരത്തിനാണ് പഞ്ചാബില്‍ കളമൊരുങ്ങുന്നത്.
Content highlight: Punjab Congress with news election campaign using Infinity war of Marvel Series