ചണ്ഡിഗഢ്: ബോളിവുഡ് നടന്‍ സോനു സൂദിന്റെ സഹോദരിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പഞ്ചാബിലെ മോഗ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായ ഹര്‍ജോത് കമാലാണ് പാര്‍ട്ടി വിട്ടത്.
കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഹര്‍ജോത് ബി.ജെ.പിയില്‍ ചേര്‍ന്നു. ചണ്ഡിഗഢിലെ ബി.ജെ.പി ഓഫീസിലെത്തിയാണ് ഇയാള്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
തന്റെ സ്വന്തം മണ്ഡലത്തില്‍ കെട്ടിയിറക്കിയ ഒരാളെ സ്ഥാനാര്‍ത്തിയായി നിര്‍ത്തിയതിന്റെ പ്രതിഷേധസൂചകമായിട്ടാണ് താന്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു കമാല്‍ പറഞ്ഞത്.
ശനിയാഴ്ചയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. 86 സ്ഥാനാര്‍ത്ഥികളുടെ പട്ടികയായിരുന്നു കോണ്‍ഗ്രസ് പുറത്തു വിട്ടത്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചംകൗര്‍ സാഹെബ് മണ്ഡലത്തില്‍ നിന്നും പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ (ഈസ്റ്റ്) മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. മോഗ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് മാളവിക സൂദ് മത്സരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പെയാണ് മാളവിക സൂദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിത്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാളവിക പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
പഞ്ചാബിലെ മോഗ ജില്ലയിലുള്ള സൂദ് കുടുംബത്തിന്റെ വസതിയില്‍ വെച്ചായിരുന്നു പാര്‍ട്ടി പ്രവേശന ചടങ്ങ്.
മാളവികയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ ഗെയിം ചേഞ്ചര്‍ (Game Changer) എന്നായിരുന്നു നവജ്യോത് സിംഗ് സിദ്ദു വിശേഷിപ്പിച്ചത്.
”വളരെ വിരളമായാണ് ഒരു പാര്‍ട്ടിയുടെ അധ്യക്ഷനും മുഖ്യമന്ത്രിയും ഒരാളുടെ വീട്ടില്‍ പോയി ആദരവര്‍പ്പിക്കുന്നത്. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്.
ക്രിക്കറ്റ് ലോകത്ത് ഇതിനെ വിളിക്കുന്നത് ഗെയിം ചേഞ്ചര്‍ എന്നാണ്. അവര്‍ വിദ്യാഭ്യാസമുള്ള യുവതിയാണ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന രീതിയിലുള്ള വിദ്യാഭ്യാസം അവര്‍ക്ക് ഭാവി ജീവിതത്തില്‍ ഗുണം ചെയ്യും,” എന്നായിരുന്നു നവജ്യോത് സിംഗ് സിദ്ദു മാളവികയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടു പറഞ്ഞത്.
നവജ്യോത് സിംഗ് സിദ്ദുവിനൊപ്പം സോനു സൂദ് നില്‍ക്കുന്ന ഫോട്ടോയും പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ‘പിക്ചര്‍ ഓഫ് ദ ഡേ; പഞ്ചാബ് സ്വയം തെരഞ്ഞെടുപ്പിന് വേണ്ടി തയാറെടുക്കുന്നു’ എന്നായിരുന്നു ഫോട്ടോക്കൊപ്പം കുറിച്ചത്.
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുകയും സ്വന്തമായി എന്‍.ജി.ഒ പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത് പേരെടുത്ത ഇവരെ പോലൊരു യുവതി നമ്മുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് സിദ്ദു നേരത്തെ മാളവികയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ നവംബറില്‍ തന്നെ, തന്റെ സഹോദരി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സോനു സൂദ് അറിയിച്ചിരുന്നു. എന്നാല്‍ ഏതായിരിക്കും പാര്‍ട്ടി എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. സഹോദരിയെ പിന്തുണക്കുന്നുവെന്നും സോനു വ്യക്തമാക്കിയിരുന്നു.
മോഗ മണ്ഡലത്തില്‍ നിന്നാകും ഇവര്‍ മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ട്. മോഗയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇവര്‍. ‘മോഗി ദി ധീ’ (മോഗയുടെ മകള്‍) എന്ന ക്യാംപെയിനും ഇവര്‍ ആരംഭിച്ചിരുന്നു.
ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Punjab Congress MLA Dropped For Sonu Sood’s Sister Joins BJP