ന്യൂദല്‍ഹി: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് സിംഗ് ചന്നി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്.
ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള ഭാഗമായിട്ടാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച കാര്യം സിദ്ദു തന്നെയാണ് അറിയിച്ചത്.
”മുഖ്യമന്ത്രി എന്നെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു – ഇന്ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ചണ്ഡീഗഡിലെ പഞ്ചാബ് ഭവനില്‍ എത്തിച്ചേരും, ഏത് ചര്‍ച്ചകള്‍ക്കും സ്വാഗതം!”
സിദ്ദു പറഞ്ഞു.
എന്നാല്‍ അമരീന്ദര്‍ സിംഗിന്റെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല.
ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ കോണ്‍ഗ്രസില്‍ തുടരില്ലെന്നും അമരീന്ദര്‍ പറഞ്ഞു. എന്‍.ഡി.ടി.വിയോടായിരുന്നു പ്രതികരണം.
താന്‍ ഇതുവരെ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ കോണ്‍ഗ്രസില്‍ തുടരില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.
തന്നെ ഇങ്ങനെയല്ല പരിഗണിക്കേണ്ടിയിരുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.
” ഞാന്‍ 52 കൊല്ലമായി രാഷ്ട്രീയത്തില്‍. രാവിലെ 10.30 ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറയുന്നു രാജി വെക്കാന്‍. ഞാന്‍ ഒരു ചോദ്യവും ചോദിച്ചില്ല. വൈകീട്ട് 4 മണിക്ക് ഞാന്‍ ഗവര്‍ണറുടെ അടുത്തേക്ക് പോയി രാജി വെച്ചു. നിങ്ങള്‍ക്ക് 50 വര്‍ഷത്തിന് ശേഷം എന്നെ സംശയമാണെങ്കില്‍, എന്റെ വിശ്വാസ്യത അപകടത്തിലാണെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്,” അമരീന്ദര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് .അജിത് ഡോവലുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Punjab Congress crisis: Navjot Singh Sidhu to meet CM Charanjit Singh Channi for talks