| Sunday, 19th September 2021, 2:48 pm

പഞ്ചാബ് കടന്ന് കോണ്‍ഗ്രസിലെ കലഹം; രാജസ്ഥാനില്‍ ഗെലോട്ടിന്റെ വിശ്വസ്തന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്നു ലോകേഷ് ശര്‍മ്മ. ശനിയാഴ്ച രാത്രിയിയാണ് അദ്ദേഹം രാജിവെച്ചത്.

തന്റെ ട്വീറ്റിന് മാപ്പ് ചോദിച്ചുകൊണ്ടാണ് ശനിയാഴ്ച രാത്രി അദ്ദേഹം രാജി സമര്‍പ്പിച്ചത്.

ഗെലോട്ടുമായി ഒരു ദശാബ്ദത്തിലേറെ ബന്ധമുള്ള ആളാണ് ശര്‍മ. ഗെലോട്ടിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തിരുന്നതും ശര്‍മയായിരുന്നു.

2018 ഡിസംബറില്‍ ഗെലോട്ട് അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് അലോക് ശര്‍മയെ സെപ്ഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്.

” അവര്‍ ശക്തരായ ആളുകളെ ദുര്‍ബലരാക്കുന്നു, ആളുകളെ ഒരു വരിയില്‍ നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നു. വേലി തന്നെ വിള തിന്നുകയാണ്, അപ്പോള്‍ ആര്‍ക്കാണ് ആ വിളകളെ സംരക്ഷിക്കാന്‍ സാധിക്കുക,” എന്നായിരുന്നു അലോക് ശര്‍മയുടെ ട്വീറ്റ്.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്.

നിരവധി എം.എല്‍.എമാര്‍ അമരീന്ദറിന്റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇത്രയും അപമാനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ല’ എന്ന് സോണിയയെ അമരീന്ദര്‍ അറിയിച്ചിരുന്നു.

അമരീന്ദറിന്റെ രാജിയോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അടുത്ത ശ്രദ്ധ രാജസ്ഥാനിലായിരിക്കുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

രാജസ്ഥാനില്‍ ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
ഗെലോട്ട്- പൈലറ്റ് തര്‍ക്കത്തിന് പരിഹാരം കണ്ടെത്തുക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലെ നിലവിലെ വെല്ലുവിളി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Punjab Congress Crisis: Ashok Gehlot’s Aide Offers To Resign Over Tweet On Punjab Crisis

Latest Stories

We use cookies to give you the best possible experience. Learn more